193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒരു 'ചതി' പ്രയോഗത്തിലൂടെ.  

ജൊഹന്നാസ്ബര്‍ഗ്: വീരോചിതമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്റെ ഇന്നിങ്‌സ്. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സ് അകലെ പാകിസ്ഥാന്‍ വീണങ്കിലും ഫഖറിന്റെ ഇന്നിങ്‌സ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. 193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒരു 'ചതി' പ്രയോഗത്തിലൂടെ. 

49-ാം ഓവര്‍ കഴിയുമ്പോള്‍ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എന്‍ങ്കിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിടുന്നതും ഫഖര്‍ തന്നെ. ആദ്യ പന്തില്‍ രണ്ട് റണ്‍സിന് ശ്രമിക്കുമ്പോഴാണ് താരം റണ്ണൗട്ടാകുന്നത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ പാക് താരത്തിന് ക്രീസില്‍ തിരിച്ചെത്താനുള്ള അവസരമുണ്ടായിരുന്നു. അവിടെയാണ് ഡി കോക്കിന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്.

രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് കൈ കാണിച്ചു. പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് വരുന്നതെന്ന് ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഡി കോക്കിന്റെ തന്ത്രത്തില്‍ വീണ പിന്നോട്ട് നോക്കി റണ്ണിംഗ് പതുക്കെയാക്കി. എന്നാല്‍ ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്റെ ത്രോ ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. നേരിട്ട് പന്ത് സ്റ്റംപില്‍ പതിക്കുകയും ചെയ്തു. ഇതോടെ ഫഖറിന് അര്‍ഹമായ ഇരട്ട സെഞ്ചുറി നഷ്ടമായി. വീഡിയോ കാണാം..

Scroll to load tweet…
Scroll to load tweet…

അവസാന നിമിഷം കീഴങ്ങിയെങ്കിലും ഫഖറിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി പ്രമുഖര്‍ രംഗത്തെത്തി. ഹര്‍ഷ ഭോഗ്‌ലെ, ജെപി ഡുമിനി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ട്വീറ്റുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…