കറാച്ചി: ഡാനിഷ് കനേരിയ പാകിസ്ഥാന്‍ ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ കത്തികൊണ്ടിരിക്കുന്ന സമയമാണിത്. ഹിന്ദു ആയതുകൊണ്ട് പലപ്പോഴും പാക് താരങ്ങളില്‍ നിന്ന് വിവേചനം അനുഭവിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്. പിന്നാലെ ഷൊയ്ബ് അക്തര്‍ പിന്തുണയുമായെത്തിയിരുന്നു. പിന്നാലെ മറ്റൊരു വിവാദ പ്രസ്താവന കൂടി നടത്തിയിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി. മകള്‍ ഹിന്ദു ആചാരങ്ങള്‍ അനുകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നാണ് അഫ്രീദി പറയുന്നത്. കുറച്ച് മുമ്പുള്ള വീഡിയോയാണ് അപ്പോള്‍ വൈറലായിരിക്കുന്നത്.  

പാകിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നുപറച്ചില്‍. സംഭവം ഇങ്ങനെ... ''ഞാന്‍ പലപ്പോഴും ഭാര്യയോട് പറയാറുണ്ട്, കുട്ടികളുടെ മുന്നില്‍ വച്ച് ടിവി കാണരുതെന്ന്. ഒരിക്കല്‍ എന്റെ മകള്‍ ടിവിയില്‍ കണ്ട് ഒരു ആരതി രംഗം അനുകരിക്കുന്നത് കണ്ടു. അന്ന് ദേഷ്യത്തോടെ ഞാന്‍ ടിവി തല്ലിപ്പൊട്ടിക്കുകയാണുണ്ടായത്. ഒരു ഇന്ത്യന്‍ സീരിയലിലെ രംഗമെന്തോ ആയിരുന്നു അത്.'' ഇതായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസമാണ് കനേരിയ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. വിരമിച്ചശേഷം ക്രിക്കറ്റ് രംഗത്ത് നിന്നും മാധ്യമങ്ങളില്‍ നിന്നും ദുരനുഭങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് കനേരിയ പറഞ്ഞിരുന്നു. കനേരിയ പാക് ടീമംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് അക്തറും പറഞ്ഞിരുന്നു.