തിരുവനന്തപുരം: കഴിഞ്ഞ 12നായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിറന്നാള്‍. ഒരുമിച്ച് കളിച്ചവരും നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളും താരത്തിന് ആശംസകള്‍ നേര്‍ന്നു. ഇക്കൂട്ടത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും താരത്തിന് ആശംസകളുമായെത്തി. എന്നാല്‍ ആശംസയ്ക്ക് പിന്നില്‍ ഒരു മലയാളി സ്പര്‍ശമുണ്ടായിരുന്നു. 

സാന്‍ഡ് ആര്‍ട്ടിലൂടെ ഐസിസി യുവിക്ക് ആശംസകള്‍ നേര്‍ന്നത്. സാന്‍ഡ് ആര്‍ട്ട് ചെയ്തതാവട്ടെ മലയാളി വൈദിക വിദ്യാര്‍ത്ഥിയായ ഡീക്കന്‍ ക്രിസ്റ്റി വലിയവീട്ടില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് ക്രിസ്റ്റി. ''എതിരെ വരുന്ന എന്തിനേയും നെഞ്ച് വിരിച്ച് നേരിടുന്ന ചങ്കൂറ്റം, തന്നെ പ്രകോപിപ്പിച്ച ഫ്‌ളിന്റോഫിനെ സാക്ഷി നിര്‍ത്തി ബ്രോഡിനെതിരെ പേമാരിയായി പെയ്തിറങ്ങിയവന്‍, കാന്‍സറെന്ന മാരക രോഗത്തെ നാണിപ്പിച്ച് കൊണ്ട് 2011 വേള്‍ഡ് കപ്പ് ഇന്ത്യക്കായി നേടിത്തന്നവന്‍. ഇട നെഞ്ചില്‍ ഇന്ത്യ എന്ന വികാരം ഉള്ള കാലത്തോളം മറക്കില്ല, ഹാപ്പി ബര്‍ത്ത് ഡെ യുവരാജ് സിംഗ്.'' എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. 

നേരത്തെ സച്ചിന്റെ പിറന്നാളിനും ക്രിസ്റ്റി ഇതേ രീതിയില്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്തായാലും ക്രിസ്റ്റിയുടെ വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. വൈറലായ വീഡിയോ കാണാം....