കിവീസ് ഓപ്പണര്‍മാരായ വില്‍ യങ്ങും ഡെവോണ്‍ കോണ്‍വെയും ബാറ്റുചെയ്യുന്നതിനിടെയാണ് വിമാനം പറന്നത്.
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഉദ്ഘാടന മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന പാക് ജെറ്റ് വിമാനങ്ങള്‍ കണ്ട് അമ്പരന്ന് ന്യൂസിലന്‍ഡ് താരങ്ങള്‍. താരങ്ങള്‍ മാത്രമല്ല, കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പാക് ആരാധകര്‍ പോലും തലയില്‍ കൈവച്ചു. ടോസ് നഷ്ടപ്പെട്ട് ന്യൂസിലന്‍ഡ് ബാറ്റിംഗിന് ഇറങ്ങിയിരിക്കെയാണ് സ്‌റ്റേഡിയത്തിന് മുകളിലൂടെ ജെറ്റ് വിമാനങ്ങള്‍ പറന്നത്.
പാകിസ്ഥാന്‍ വ്യോമസേനയുടെ 'എയര്‍ ഷോ' ആയിരുന്നത്. കിവീസ് ഓപ്പണര്‍മാരായ വില്‍ യങ്ങും ഡെവോണ്‍ കോണ്‍വെയും ബാറ്റുചെയ്യുന്നതിനിടെയാണ് വിമാനം പറന്നത്. അപ്രതീക്ഷിതമായി വിമാനങ്ങള്‍ പറക്കുന്നതിന്റെ ശബ്ദം കേട്ട കിവീസ് താരം കോണ്‍വെ ഭയന്ന് ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കാണാം...
അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു. 60 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുന്നത്. 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്താവുകയായിരുന്നു. ഖുഷ്ദില്‍ ഷാ (69), ബാബര്‍ അസം (64), സല്‍മാന്‍ അഗ (42) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോം ലാഥം (118), വില്‍ യംഗ് (107) എന്നിവരുടെ സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ഇതിനിടെ ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റത് പാകിസ്ഥാന് തിരിച്ചടിയായി. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി തടഞ്ഞിടാന്‍ ശ്രമിക്കുമ്പോള്‍ ഫഖറിന പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കിന് പിന്നാലെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് അവസാന ഓവറുകകളില്‍ കളിക്കാന്‍ അദ്ദേഹം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഓപ്പണറായി കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാബര്‍ അസമിന് പകരം സൗദ് ഷക്കീലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യതത്.

