ദുബായ്: യുഎഇയിലെ രണ്ടാം ഭാഷ ഏതെന്ന് ചോദിച്ചാല്‍ തമാശയോടെയെങ്കിലും പലരും ഉത്തരം പറയും മലയാളം എന്ന്. അതിന്റെ പ്രധാന കാരണം യുഎഇയെ ആശ്രയിച്ച് കഴിയുന്ന നിരവധി മലയാളികള്‍ ഉള്ളതുകൊണ്ടാണ്. എവിടെ തിരിഞ്ഞാലും മലയാളികളെന്ന് പ്രവാസലോകത്ത് ജീവിക്കുന്ന പലരും പറയാറുണ്ട്. ഒരു ക്രിക്കറ്റ് മത്സരം നടക്കുകയാണെങ്കില്‍ പോലും സ്‌റ്റേഡിയം നിറയ്ക്കുന്നത് മലയാളികള്‍. 

സ്വഭാവികമായും മലയാളത്തിന്റെ സംസാകാരവും അവര്‍ക്കിടയിലുണ്ടാവും. കല, സംഗീതം, സിനിമ അങ്ങനെ അങ്ങനെ... ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത് യുഎഇയിലാണ്. എട്ട് ടീമുകളും ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിക്കഴിഞ്ഞു. കൊവിഡ് കാരണം ഹോംക്വാറന്റൈനിലാണ് താരങ്ങള്‍. ബയോ സെക്യൂര്‍ ബബിളിന്റെ ഭാഗമാണ് എല്ലാവരും. വ്യായാമം ചെയ്യുന്നതെല്ലാം വീട്ടില്‍ നിന്നുതന്നെ.

അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോയിലെ താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം രവീന്ദ്ര ജഡേജയാണ്. മറ്റൊരുതാരം, മലയാളക്കര ഏറ്റുപാടിയ ഒരു പാട്ടും. ജഡേജ വര്‍ക്ക്ഔട്ട് ചെയ്യുന്നതാണ് വീഡിയോയില്‍. വ്യായാമത്തിന് അകമ്പടിയായിട്ടാണ് മലയാളം പാട്ട്. പള്ളിവാള് ഭദ്രവട്ടകം... എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് ജഡേജ വ്യായാമം ചെയ്യുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായിട്ടാണ് ജഡേജ് ഇന്ന് പോസ്റ്റ് ചെയ്തത്. ഒരിക്കല്‍ ഐപിഎല്‍ ടീമായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സിന്റെ താരമായിരുന്നു ജഡേജ. എന്തായാലും പലരും ഡൗണ്‍ലൗഡ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി... 

ജഡേജ പങ്കുവച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...