മുംബൈ: കേരളം സയിദ് മുഷ്താഖ് അലി ടി20 ആദ്യ മത്സരത്തിന് ഇറങ്ങുമുമ്പ് എല്ലാം കണ്ണുകളും എസ് ശ്രീശാന്തിലായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 37 കാരന്‍ എങ്ങനെ പന്തെറിയുമെന്നാണ് ക്രിക്കറ്റം ലോകം ഉറ്റുനോക്കിയത്. എന്തായാലും താരം പ്രതീക്ഷ തെറ്റിച്ചില്ല. പോണ്ടിച്ചേരിക്കെതിരെ വിക്കറ്റ് നേട്ടത്തോടെ തുടങ്ങി. അതും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഒരു തകര്‍പ്പന്‍ ഔട്ട് സ്വിംഗറിലൂടെ. വീഡിയോ കാണാം...

ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെ പോണ്ടിച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ (10) വിക്കറ്റ് തെറിപ്പിച്ചു. താരത്തെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടമായിരുന്നത്. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരും നേരിട്ടിട്ടില്ലാത്ത അഗ്‌നിപരീക്ഷകള്‍ മറികടന്നാണ് കേരള ടീമിലേക്ക് ശ്രീശാന്തിന്റെ തിരിച്ചുവരവ്. 

2013ലെ ഐപിഎല്ലില്‍ ഉയര്‍ന്ന ഒത്തുകളി വിവാദമാണ് അദേഹത്തിന്റെജീവിതം മാറ്റിമറിച്ചത്. 2005ല്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ശ്രീശാന്ത് 27 ടെസ്റ്റില്‍ 87 വിക്കറ്റും 53 ഏകദിനത്തില്‍ 75 വിക്കറ്റും പത്ത് ട്വന്റി 20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായി.