നിര്‍ണായകമായത് ഷദാബ് ഖാന്റെ ഇന്നിംഗ്‌സായിരുന്നു. 35 പന്തില്‍ 48 റണ്‍സ് നേടിയ പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ പുറത്തായത് അവസാന ഓവറിലെ ആദ്യ പന്തിന് മുമ്പാണ്.

കൊളംബൊ: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍സിന്റെ ത്രില്ലിംഗ് വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 49.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 91 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സ് നേടിയ ബാബര്‍ അസം പിന്തുണ നല്‍കി. 

എന്നാല്‍ നിര്‍ണായകമായത് ഷദാബ് ഖാന്റെ ഇന്നിംഗ്‌സായിരുന്നു. 35 പന്തില്‍ 48 റണ്‍സ് നേടിയ പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ പുറത്തായത് അവസാന ഓവറിലെ ആദ്യ പന്തിന് മുമ്പാണ്. ഫസല്‍ഫഖ് ഫാറൂഖി ഷദാബിനെ റണ്ണൗട്ടാക്കുകയായിരുന്നു. ഫാറൂഖ് പന്തെറിയുന്നതിന് മുമ്പ് നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന് ഷദാബ് ക്രീസ് വിട്ടു. എന്നാല്‍ ഫാറൂഖി ബെയ്ല്‍സ് ഇളക്കി. ഇതോടെ ഷദാബിന് ക്രീസ് വിടേണ്ടി വന്നു. വീഡിയോ കാണാം...

Scroll to load tweet…

ഷദാബ് മടങ്ങിയെങ്കിലും പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫാറൂഖിയുടെ ആദ്യ പന്തില്‍ തന്നെ ക്രീസിലെത്തിയ നസീം ഷാ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ റണ്‍സില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട ഹാരിസ് റൗഫ് മൂന്ന് റണ്‍ നേടി. അവസാന രണ്ട് പന്തില്‍ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. നസീം ഷായുടെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കി.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ 142 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1 ഓവറില്‍ 201ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 19.2 ഓവറില്‍ 59ന് തകര്‍ന്നടിഞ്ഞു.