ഏകദിന ലോകകകപ്പിന് പിന്നാലെ പരിക്ക് മറച്ചു വച്ചതിനെ തുടര്‍ന്ന വിവാദത്തില്‍ കുടുങ്ങിയ താരത്തിന്റെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ മൂന്നാം തവണയും കിരീടമുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചിരുന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കൊല്‍ക്കത്ത വീണ്ടും കിരീടം നേടുമ്പോള്‍ ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍.

ശ്രേയസിനെ സംബന്ധിച്ചിടത്തോളം ഗംഭീര തിരിച്ചുവരവാണിത്. ഏകദിന ലോകകകപ്പിന് പിന്നാലെ പരിക്ക് മറച്ചു വച്ചതിനെ തുടര്‍ന്ന വിവാദത്തില്‍ കുടുങ്ങിയ താരത്തിന്റെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. ഈ സമ്മര്‍ദത്തിലാണ് ശ്രേയസ് അയ്യര്‍ ഐപിഎല്ലിന് എത്തിയത്. കിരീടം ഉയര്‍ത്തിയതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് നായക പദവിയിലേക്ക് ശ്രേയസിന്റെ പേര് വീണ്ടും പരിഗണിക്കേണ്ടിവരും. പ്രത്യേകിച്ച് ഹാര്‍ദിക് പാണ്ഡ്യക്കും ശുഭ്മാന്‍ ഗില്ലിനും കാലിടറുന്ന സാഹചര്യത്തില്‍.

ശ്രേയസ് ക്യാപ്റ്റനായിട്ടുള്ള ആദ്യ ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കുകയാണ് താരം. ട്രോഫി ഏറ്റുവാങ്ങിയ ശേഷം ലിയോണല്‍ മെസി ശൈലിയിലുള്ള ആഘോഷമാണ് ശ്രേയസ് നടത്തിയത്. ഖത്തില്‍ ഇക്കഴിഞ്ഞ ഫിഫ ലോകകപ്പില്‍ കിരീടം നേടിയ ശേഷം മെസി നടത്തിയ ആഘോഷം അനുകരിക്കുകയായിരുന്നു ശ്രേയസ്. വീഡിയോ കാണാം...

Scroll to load tweet…

വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.