രോഹിത് കുല്‍ദീപിന്റെ പണി കളയുമോ? പന്തെറിയാന്‍ കോലിയും ഗില്ലും സൂര്യയും; ചിന്നസ്വാമിയില്‍ അപൂര്‍വ കാഴ്ച്ച
ഏഴ് ഓവറുകളാണ് മൂവരും പൂര്‍ത്തിയാക്കിയത്. ഇതില്‍ വിരാട് കോലി വിക്കറ്റ് നേടുകയും ചെയ്തു. നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോലി പുറത്താക്കിയത്

ബംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ബൗളിംഗ് പരീക്ഷണം നടത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ട് മാത്രം പന്തെറിയുന്ന താരങ്ങളെയെല്ലാം രോഹിത് പാര്‍ട്ട് ടൈം ബൗളര്‍മാരായി പരീക്ഷിച്ചു. ആദ്യം കൊണ്ടുവന്നത് വിരാട് കോലിയെയാണ്. പിന്നാലെ ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും പന്തെറിയാനെത്തി. ഇന്ന് മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബൗളിംഗ് പരിശീലനം നടത്തിയിരുന്നു.
എന്തായാലും ഏഴ് ഓവറുകളാണ് മൂവരും പൂര്‍ത്തിയാക്കിയത്. ഇതില്‍ വിരാട് കോലി വിക്കറ്റ് നേടുകയും ചെയ്തു. നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോലി പുറത്താക്കിയത്. മൂന്ന് ഓവറുകള്‍ എറിഞ്ഞ കോലി 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. ഏകദിന ലോകകപ്പില്‍ കോലിയുടെ ആദ്യ വിക്കറ്റാണിത്. ഏകദിനത്തില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി വിക്കറ്റ് നേടുന്നതും. നേരത്തെ 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലിലും കോലി വിക്കറ്റ് നേടിയിരുന്നു.
കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്‌സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേര്‍ഡ്‌സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കാന്‍ രാഹുല്‍ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും കോലി തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ആവേശം അടക്കാനായില്ല. വീഡിയോ കാണാം...
അതേസമയം ഗില്ലിനും സൂര്യക്കും വിക്കറ്റ് വീഴ്ത്താനായില്ല. രണ്ട് ഓവറുകള്‍ എറിഞ്ഞ ഗില്‍ 11 റണ്‍സ് വിട്ടുകൊടുത്തു. സൂര്യ രണ്ട് ഓവറില്‍ 17 ഓവറും വിട്ടു നല്‍കി. തന്റെ രണ്ടാം ഓവറില്‍ രണ്ട് സിക്‌സുകളാണ് സൂര്യ വഴങ്ങിയത്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിപ്പിച്ച് കുല്‍ദീപ് യാദവും ആര്‍ അശ്വിനും ഉള്‍പ്പെടുന്ന സ്പിന്നര്‍മാരുടെ പണി കളയാനുള്ള ശ്രമമാണോ ക്യാപ്റ്റന്‍ രോഹിത് നടത്തുന്നതെന്ന് രസകരമായി ചോദിക്കുന്നവരുമുണ്ട്.