Asianet News MalayalamAsianet News Malayalam

മൊയീന്‍ അലിയെ പറന്നുപിടിച്ച് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്; അടുത്തകാലത്തെ മികച്ച ക്യാച്ചെന്ന് സോഷ്യല്‍ മീഡിയ- വീഡിയോ

മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഇതോടെ പരമ്പരയും സ്വന്തമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ 90 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

Watch Viral Video Tristan Stubbs catch Moeen Ali with a stunner
Author
Southampton, First Published Jul 31, 2022, 11:37 PM IST

സതാംപ്ടണ്‍: ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ സീസണില്‍ മുംബൈ ഇന്ത്യന്‍ ടീമിലെടുത്തപ്പോഴാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (Tristan Stubbs) കുറിച്ച് പലരും അറിയുന്നത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ആ പേര് ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. കേവലം 28 പന്തില്‍ നിന്ന് 72 റണ്‍സാണ് സ്റ്റബ്‌സ് അന്ന് അടിച്ചെടുത്തത്. ഇന്ന് പേര് ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു വൈറല്‍ വീഡിയോയിലൂടെയാണ്. ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ മൊയീന്‍ അലിയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്.

10 ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. പന്തെറിയുന്നത് എയ്ന്‍ മാര്‍ക്രം. മുന്ന് റണ്‍സുമായി അലി ക്രീസില്‍. മാര്‍ക്രിന്റെ പന്ത് കളിക്കാന്‍ ശ്രമിച്ച അലിക്ക് പിഴച്ചു. എഡ്ജായ പന്ത് മിഡ് ഓഫിലേക്ക്. ഓടിയടുത്ത സ്റ്റബ്‌സ് ഇടങ്കയ്യുകൊണ്ട് പന്ത് പറന്നുപിടിച്ചു. വീഡിയോ കാണാം...

മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഇതോടെ പരമ്പരയും സ്വന്തമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ 90 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് (Tabraiz Shamsi) ഇംഗ്ലണ്ടിനെ തകര്‍ത്തത്.

27 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ് (17), ജോസ് ബട്‌ലര്‍ (14), ക്രിസ് ജോര്‍ദാന്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍. ഡേവിഡ് മലാന്‍ (1), മൊയീന്‍ അലി (3), ലിയാം ലിവിംഗ്‌സ്റ്റണ്‍ (3), സാം കറന്‍ (9) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഡേവിഡ് വില്ലി (0), ആദില്‍ റഷീദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റീസെ ടോപ്‌ലി (0) പുറത്താവാതെ നിന്നു. ഷംസിക്ക് പുറമെ കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ റീസ് ഹെന്‍ഡ്രിക്‌സ് (70), എയ്ഡന്‍ മാര്‍ക്രം (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിലീ റൂസ്സോ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഷംസിക്ക് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ട് തകര്‍ന്നു; ടി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

മോശം തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) ബൗള്‍ഡായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ റൂസോ, ഹെന്‍ഡ്രിക്‌സിന് പിന്തുണ നല്‍കി. റൂസോയായിരുന്നൂ കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിച്ചത്. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂസ്സോയെ ബൗള്‍ഡാക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 

പിന്നീടെത്തിയ മാര്‍ക്രം നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്തു. ഹെന്‍ഡ്രിക്‌സിനൊപ്പം 87 റണ്‍സാണ് മാര്‍ക്രം കൂട്ടിചേര്‍ത്തത്. ഹെന്‍ഡ്രിക്‌സിനെ ക്രിസ് ജോര്‍ദാന്‍ മടക്കി. ഒമ്പത് ബൗണ്ടറികളുടെ സാഹയത്തോടെയാണ് ഹെന്‍ഡ്രിക്‌സ് 70 അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ (9 പന്തില്‍ 22) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (8) പുറത്തായ മറ്റൊരു താരം. മാര്‍ക്രം അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തി.

എഡ്ജ്ബാസ്റ്റണില്‍ സ്മൃതി മന്ഥാനയുടെ ബ്ലാസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പാക് വനിതകളെ തകര്‍ത്തു

Follow Us:
Download App:
  • android
  • ios