Asianet News MalayalamAsianet News Malayalam

പിച്ചിലേക്ക് അബദ്ധത്തില്‍ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് കോലി; സ്മിത്തായിരുന്നെങ്കില്‍ വിലക്കിയേനെ എന്ന് ആരാധകര്‍

ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി അശ്വിന്‍റെ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ ഹെല്‍മെറ്റ് ഊരി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തു.

Watch Virat Kohli Accidently Throws Helmet On The Pitch In Chennai
Author
Chennai, First Published Feb 16, 2021, 5:33 PM IST

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിനിടെ പിച്ചിലേക്ക് അബദ്ധത്തില്‍ ഹെല്‍മെറ്റ് ഊരി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിനിടെ ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജാക്ക് ലീച്ച് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി അശ്വിന്‍റെ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ ഹെല്‍മെറ്റ് ഊരി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തു. എന്നാല്‍ ഇതിനിടെ കോലിയുടെ തൊട്ടടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്‍ കോലി ഹെല്‍മെറ്റ് എറിഞ്ഞത് ശ്രദ്ധിക്കാതെ പിച്ച് മുറിച്ച് മറുവശത്തേക്ക് കടന്നു.

ഇതോടെ കോലിയെറിഞ്ഞ ഹെല്‍മെറ്റ് പിടിക്കാന്‍ റിഷഭ് പന്തിനായില്ല. ഹെല്‍മെറ്റ് ചെന്നുവീണതാകട്ടെ പിച്ചിന്‍റെ നടുവിലും. ഗില്‍ ഇടയ്ക്കു കയറിയതാണ് പന്തിന് ഹെല്‍മെറ്റ് പിടിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് മനസിലായ കോലി യുവതാരത്തോട് ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ കോലിയുടെ പ്രവര്‍ത്തിയെ ചില ആരാധകര്‍ സ്റ്റീവ് സ്മിത്ത് ചെയ്തതിനോടാണ് ഉപമിക്കുന്നത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ഓവറുകളുടെ ഇടവേളയില്‍ ഷാഡോ ബാറ്റിംഗ് നടത്തി ക്രീസിലെ പന്തിന്‍റെ ബാറ്റിംഗ് സ്റ്റാന്‍ഡ് മായ്ച്ച നടപടിയെക്കുറിച്ചാണ് ആരാധകരുടെ പരാമര്‍ശം. ഇതിപ്പോ സ്മിത്തായിരുന്നെങ്കില്‍ കാണാമായിരുന്നു, അദ്ദേഹത്തെ വിലക്കണമെന്ന ആവശ്യം ഉയരുമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.

മൂന്നാം ദിനം ബാറ്റിംഗിനിടെ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ ഓടിയതിന് അമ്പയര്‍ കോലിയെ താക്കീത് നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios