Asianet News MalayalamAsianet News Malayalam

വിക്കറ്റോ നോബോളോ? അംപയറോട് കയര്‍ത്ത് കോലി, ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ചും കലിപ്പ്; വലിയ വിവാദം

ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ചു

Watch Virat Kohli argues with umpire over controversial wicket in KKR vs RCB match in IPL 2024
Author
First Published Apr 21, 2024, 8:32 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ വിവാദമായി വിരാട് കോലിയുടെ പുറത്താകല്‍. കെകെആര്‍ മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ മികച്ച തുടക്കം നേടി മടങ്ങിയ കോലി നോബോളിലാണോ പുറത്തായത് എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിക്കറ്റാണ് ഇത് എന്ന് മൂന്നാം അംപയര്‍ പരിശോധനയില്‍ ഉറപ്പിച്ചപ്പോള്‍ ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തല്‍സമയം ആരാധകര്‍ കണ്ടു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍മാരായ ഹര്‍ഷിത് റാണയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്‌സറിന് പറത്തിയാണ് വിരാട് കോലി ചേസിംഗ് തുടങ്ങിയത്. എന്നാല്‍ ആര്‍സിബി ഇന്നിംഗ്‌സില്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി നാടകീയമായി പുറത്തായി. അരയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വെച്ച കോലി അനായാസം റിട്ടേണ്‍ ക്യാച്ചായി. നോബോള്‍ സാധ്യത മനസില്‍ കണ്ട് കോലി റിവ്യൂ എടുത്തു. കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിംഗിലൂടെ മൂന്നാം അംപയര്‍ ഉറപ്പിച്ചു. എന്നാല്‍ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയാണ് തര്‍ക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് വിരാട് കോലി കൂടുതല്‍ വിവാദത്തിലാവുന്നതും ടെലിവിഷനില്‍ കണ്ടു. 

മത്സരത്തില്‍ ഏഴ് ബോളില്‍ ഒരു ഫോറും രണ്ട് സിക്‌സറുകളും സഹിതം കോലി 18 റണ്‍സാണ് നേടിയത്. ഈഡനില്‍ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ഒരു റണ്‍സിന്‍റെ നാടകീയ തോല്‍വി വഴങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. വില്‍ ജാക്‌സ് (32 പന്തില്‍ 55), രജത് പാടിദാര്‍ (23 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും അവസാന ഓവറിലെ കരണ്‍ ശര്‍മ്മ വെടിക്കെട്ടും (7 പന്തില്‍ 20) ആര്‍സിബിയെ രക്ഷിച്ചില്ല. 

Read more: ഹമ്മോ! സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍; ഒടുവില്‍ നാടകീയമായി തോറ്റ് ആര്‍സിബി, കെകെആറിന് 1 റണ്‍ ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Follow Us:
Download App:
  • android
  • ios