ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ബംഗ്ലാദേശ് സ്‌പിന്നര്‍ തൈജുല്‍ ഇസ്‌ലമും തമ്മില്‍ വാഗ്‌വാദം. രണ്ടാം ഇന്നിംഗ്‌സില്‍ കോലി വെറും ഒരു റണ്ണില്‍ പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മെഹിദി ഹസന്‍ മിര്‍സയ്‌ക്കായിരുന്നു വിക്കറ്റ്. പുറത്തായതിന്‍റെ ദേഷ്യത്തില്‍ കോലി നില്‍ക്കുമ്പോള്‍ തൈജുല്‍ എന്തോ പറ‌ഞ്ഞതാണ് കോലിയെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസനും അംപയറും ഇടപെട്ടെങ്കിലും തൈജുലുമായി ഏറെ ചൂടായി കോലി. 

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 23 ഓവറില്‍ നാല് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (26), ജയ്‌ദേവ് ഉനദ്‌കട്ട് (3) എന്നിവരാണ് ക്രീസില്‍. ബംഗ്ലാ കടുവകള്‍ക്കായി മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ദിനം ശേഷിക്കെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 100 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.

Scroll to load tweet…

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ (2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ നൂറുല്‍ ഹസനായിരുന്നു ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ (6) മെഹ്ദിയുടെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. അടുത്തതായി ശുഭ്മാന്‍ ഗില്ലാണ് (7) മടങ്ങിയത്. സ്റ്റംപിങ്ങിലൂടെയാണ് ഗില്ലും മടങ്ങുന്നത്. വിരാട് കോലി (1) മിറാസിന്‍റെ പന്തില്‍ മൊമിനുള്‍ ഹഖിന് ക്യാച്ച് നല്‍കി. പിന്നീട് വിക്കറ്റ് പോവാതെ കാത്തത് ഉനദ്‌കട്ട്- അക്‌സര്‍ സഖ്യത്തിന്‍റെ ചെറുത്തുനില്‍പ്പാണ്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇറങ്ങാനുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ.

ധാക്ക ടെസ്റ്റ്: ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; ബംഗ്ലാദേശിന് പ്രതീക്ഷ