കോലിയുടെ അനുകരണം കണ്ട് ഇര്‍ഫാന്‍ പത്താന്‍ അടക്കമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല

ഇന്‍ഡോര്‍: കളിക്കളത്തിലെ കാര്‍ക്കശ്യക്കാരനായ നായകനെങ്കിലും വിരാട് കോലി ആളൊരു രസികന്‍ കൂടിയാണ്. ഇന്‍ഡോറില്‍ ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20യിലും കോലിയുടെ സരസമായ പെരുമാറ്റം ആരാധകര്‍ക്ക് കാണാനായി. 

മത്സരത്തില്‍ കമന്‍റേറ്ററായിരുന്ന വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ അനുകരിക്കുകയായിരുന്നു കിംഗ് കോലി. മത്സരത്തിന് മുന്‍പ് പരിശീലന സമയത്താണ് കോലി ഒരുവേള ഹര്‍ഭജനായത്. കോലിയുടെ അനുകരണം ആരാധകരില്‍ ചിരി പടര്‍ത്തിയെന്ന് മാത്രമല്ല, സമീപത്തുണ്ടായിരുന്ന മറ്റൊരു കമന്‍റേറ്ററായ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താനെ ചിരിപ്പിക്കുകയും ചെയ്തു. കോലിക്കൊപ്പം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലുമുണ്ടായിരുന്നു. 

Scroll to load tweet…

ഇന്‍ഡോര്‍ ട്വന്‍റി 20യിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഇന്ത്യ തോല്‍പിച്ചപ്പോള്‍ കോലി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 143 റൺസ് വിജയലക്ഷ്യം 15 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുലും(32 പന്തില്‍ 45), ശിഖര്‍ ധവാനും(29 പന്തില്‍ 32), ശ്രേയസ് അയ്യരും(26 പന്തില്‍ 34), വിരാട് കോലിയും(17 പന്തില്‍ 30) ഇന്ത്യന്‍ ജയം അനായാസമാക്കി. പേസര്‍ നവ്ദീപ് സൈനിയാണ് മാന്‍ ഓഫ് ദ് മാച്ച്. പുണെയിൽ വെള്ളിയാഴ്‌ച അവസാനമത്സരം നടക്കും.