ഹാമില്‍ട്ടണ്‍: ജോണ്ടി റോഡ്സ് സ്റ്റൈലില്‍ ഒരു റണ്‍ഔട്ട്. ഫീല്‍ഡിംഗില്‍ വീണ്ടും അമ്പരപ്പിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍ ഹെന്‍റി നിക്കോള്‍സിനെ പുറത്താക്കാനാണ് കോലി പാറിപ്പറന്നത്. 

പേസര്‍ ജസ്‌പ്രീത് ബുമ്ര എറിഞ്ഞ 29-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗിന് ഹാമില്‍ട്ടണ്‍ വേദിയായത്. ബുമ്രയുടെ പന്ത് പ്രതിരോധിച്ച് അതിവേഗ സിംഗിളിനായി ഓടി റോസ് ടെയ്‌ലര്‍. സിംഗിള്‍ പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയിലായിരുന്നു നോണ്‍സ്‌ട്രൈക്കര്‍ ഹെന്‍റി നിക്കോള്‍സ്. എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി പാഞ്ഞടുത്ത് പന്തുമായി സ്റ്റംപിലേക്ക് ഡൈവ് ചെയ്തു. ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സിനെ ഓര്‍മ്മിപ്പിച്ച് ഒരു മുഴുനീള പറക്കും റണ്‍ഔട്ട്. 

ന്യൂസിലന്‍ഡ് നിരയില്‍ നിലയുറപ്പിച്ചിരുന്ന ബാറ്റ്സ്‌മാനെയാണ് പറന്ന് കോലി മടക്കിയത്. പുറത്താകുമ്പോള്‍ 82 പന്തില്‍ 11 ബൗണ്ടറികള്‍ സഹിതം 78 റണ്‍സെടുത്തിരുന്നു ഹെന്‍‌റി നിക്കോള്‍സ്. ഈ വര്‍ഷം ഇതുവരെ പിറന്ന ഏറ്റവും മികച്ച റണ്‍ഔട്ടുകളുടെ പട്ടികയിലേക്കാണ് കോലിയുടെ പറക്കല്‍ ഇടംപിടിച്ചത്.