'നമോ നമ്പര്‍ 1'; പ്രധാനമന്ത്രി മോദിക്ക് സ്പെഷ്യല്‍ ജേഴ്സി സമ്മാനിച്ച് സച്ചിന്‍; കയ്യടിച്ച് യോഗിയും ജയ് ഷായും
മോദിക്കൊപ്പം വേദി പങ്കിട്ട സച്ചിന്‍ അദ്ദേഹത്തിന് ഒരു ഉപഹാരവും സമ്മാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയാണ് സച്ചിന്‍ മോദിക്ക് സമ്മാനിച്ചത്. ജേഴ്‌സിക്ക് പിറകില് 'നമോ' എന്നും എഴുതിയിരുന്നു.

ലഖ്‌നൗ: വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അല്‍പ്പസമയം മുമ്പാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 450 കോടി രൂപ ചെലവ് വരുന്ന സ്റ്റേഡിയമാണ് വാരണാസിയില്‍ നിര്‍മിക്കുന്നത്. 30,000 കാണികള്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ഉണ്ടാകും. 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 3 കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മോദിക്കൊപ്പം വേദി പങ്കിട്ട സച്ചിന്‍ അദ്ദേഹത്തിന് ഒരു ഉപഹാരവും സമ്മാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയാണ് സച്ചിന്‍ മോദിക്ക് സമ്മാനിച്ചത്. ജേഴ്‌സിക്ക് പിറകില് 'നമോ' എന്നും എഴുതിയിരുന്നു. വീഡിയോ കാണാം..
പ്രത്യേക രീതിയിലാണ് സ്റ്റേഡിയം ഒരുക്കുന്നത്. നിര്‍ദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്ളഡ്ലൈറ്റുകളുടെ കാലുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ ബില്‍വ പത്രയുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിക്കും -ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
450 കോടി രൂപയുടെ പദ്ധതിയില്‍ ബിസിസിഐ 330 കോടി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 120 കോടി ചെലവഴിച്ചിരുന്നു. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് സ്റ്റേഡിയമെന്ന സവിശേഷതയുമുണ്ട്. സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാലുടനെ തന്നെ നിര്‍ദ്ദിഷ്ട സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്തിന്റെ വികസനത്തിന് അന്തിമരൂപം നല്‍കാന്‍ യുപി പ്രധാനമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.