സഹലിനെ വച്ചൊരു സ്വാപ് ഡീലിന് സാധ്യതയുണ്ട് എന്ന് പ്രമുഖ ഫുട്ബോള്‍ ലേഖകനായ മാര്‍ക്കസ് മെര്‍ഗലീഞ്ഞോയാണ് ട്വീറ്റ് ചെയ്‌തത്

കൊച്ചി: ഐഎസ്എല്‍ ക്ലബ്കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മുഖങ്ങളിലൊന്നായ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് സൗദി ലീഗിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു. സഹലിനെ സൗദി ക്ലബുകള്‍ നോട്ടമിട്ടതായി ചില ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതിനേക്കാള്‍ വിശ്വാസ്യതയുള്ള മറ്റൊരു വിവരം പിന്നാലെ പുറത്തായത് മഞ്ഞപ്പട ആരാധകരെ ഏറെ ആശങ്കയിലാക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് സഹലിനെ വില്‍ക്കാന്‍ ഉദേശിച്ചിരിക്കുന്നതായും താരത്തെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന്‍ സൂപ്പ‍ര്‍ ജയന്‍റ്‌ പണപ്പെട്ടി തയ്യാറാക്കുന്നതായുമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ചില പുതിയ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. 

സഹല്‍ അബ്‌ദുല്‍ സമദിനെ മോഹന്‍ ബഗാന്‍ സൂപ്പ‍ര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയാല്‍ പകരം പ്രീതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരും എന്നതാണിത്. ഇന്ത്യന്‍ ഫുട്ബോളിലെ അറിയപ്പെടുന്ന പ്രതിരോധ താരമാണ് കോട്ടാല്‍. സഹലിനെയും കോട്ടാലിനേയും വച്ചൊരു സ്വാപ് ഡീലിന് സാധ്യതയുണ്ട് എന്ന് പ്രമുഖ ഫുട്ബോള്‍ ലേഖകനായ മാര്‍ക്കസ് മെര്‍ഗലീഞ്ഞോയാണ് ട്വീറ്റ് ചെയ്‌തത്. 2025 മെയ് അവസാനം വരെ സഹലുമായി ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ടെങ്കിലും താരത്തെ വരും സീസണിന് മുമ്പ് വില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് സൂചനകള്‍. ഇതേസമയം പ്രീതം കോട്ടാലിനും 2025 മെയ് വരെ ബഗാനുമായി കരാറുണ്ട്. സഹലിനായി റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ബഗാന്‍ തയ്യാറാക്കുന്നത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇരു താരങ്ങളുടേയും മാറ്റത്തിന്‍റെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

Scroll to load tweet…

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് 26കാരനായ സഹല്‍ അബ്‌ദുല്‍ സമദ്. 2018ല്‍ അരങ്ങേറിയ താരം ഇതിനകം മഞ്ഞക്കുപ്പായത്തില്‍ 92 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 10 ഗോളും 8 അസിസ്റ്റും നേടി. സമീപകാലത്ത് സാഫ് കപ്പിലടക്കം സഹലിന്‍റെ പ്രകടനം ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതോടെയാണ് സഹലിനെ തേടി പല ടീമുകളും രംഗത്തെത്തിയത്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന്‍റേയും ഇന്ത്യന്‍ ടീമിന്‍റേയും പ്രതിരോധ താരമായ 29കാരന്‍ പ്രീതം കോട്ടാല്‍ എടികെ, ഡല്‍ഹി ഡൈനമോസ് ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2020 മുതല്‍ മോഹന്‍ ബഗാന്‍റെ താരമായ കോട്ടാല്‍ 68 മത്സരങ്ങളില്‍ ക്ലബിനായി ബൂട്ടണിഞ്ഞു. ഇന്ത്യന്‍ സീനിയര്‍ ടീമിനായി 52 മത്സരങ്ങള്‍ കളിച്ച പരിചയവുമുണ്ട്. കോട്ടാല്‍ എത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വിള്ളലുകള്‍ക്ക് പരിഹാരമായേക്കും. 

Read more: 'രോഹിത് ഗംഭീര ക്യാപ്റ്റന്‍, ഇതിലേറെ ബഹുമാനം അര്‍ഹിക്കുന്നു'; വിമര്‍ശകരുടെ വായടപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News