മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയത്തിന്‍റെ ഭാഗമായാണ് ഗില്ലിനെ ടി20 ടീമിന്‍റെയും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയിരിക്കുന്നത്.
മുംബൈ: ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് പിന്നാലെ ജൂലൈയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് ഗില്‍ ടി20യില്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു സെഞ്ചുറി അടക്കം 754 റണ്‍സടിച്ച് റെക്കോര്‍ഡിട്ട ഗില്ലിനെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പിനുള്ള ടി20 ടീമിലെടുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുത്തുവെന്ന് മാത്രമല്ല വൈസ് ക്യാപ്റ്റുമാക്കി എന്നാണ് പ്രത്യേകത. മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയത്തിന്‍റെ ഭാഗമായാണ് ഗില്ലിനെ ടി20 ടീമിന്‍റെയും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയിരിക്കുന്നത്. നിലിവിൽ ടെസ്റ്റിൽ ഗില്ലും ഏകദിനത്തിൽ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യൻ നായകൻമാർ. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റൻമാരെന്നത് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്‍റെയും നിലപാട്.
2024 ജൂലൈയില്‍ അവസാനം കളിച്ച ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും ഗില്‍ വൈസ് ക്യാപ്റ്റനായാണ് കളിച്ചത്. പിന്നീട് ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഗില്‍ ഇക്കഴിഞ്ഞ ഐപിഎല്ലിൽ 15 മത്സരങ്ങളില്‍ 650 റണ്‍സടിച്ച് മികകവ് കാട്ടി. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലായിരുന്നു അക്സര്‍ പട്ടേലിനെ സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയത്. എന്നാല്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ അക്സര്‍ 15 അംഗ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റൻ സ്ഥാനം ഗില്ലിന് കൈമാറേണ്ടിവന്നു. എന്തുകൊണ്ടാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതെന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടിയും നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റനെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. അടുത്ത ടി20 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുന്നതിന്‍റെ തുടക്കം അവിടെയായിരുന്നു തുടങ്ങിയത്. അതിനുശേഷം ഗില്‍ ടെസ്റ്റ് പരമ്പരകളുടെയും ചാമ്പ്യൻസ് ട്രോഫിയുടെയുമെല്ലാം തിരിക്കിലായതിനാല്‍ ഇന്ത്യക്കായി ടി20 മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഗില്‍ ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.


