ബാറ്റിംഗ് നിരയിലെ മൂന്നാം സ്ഥാനത്തിനായി ശ്രേയസ് അയ്യരും തിലക് വര്‍മയും തമ്മിലായിരുന്നു കടുത്ത മത്സരമുണ്ടായിരുന്നത് എന്നാണ് സൂചന.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഏഷ്യാ കപ്പ് ടീമിലെത്താതിരുന്നത് ശ്രേയസ് അയ്യരുടെ കുഴപ്പം കൊണ്ടല്ലെന്ന് അഗാര്‍ക്കര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അവന്‍റെ തെറ്റല്ല, അവസരം വരാനായി കാത്തിരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ, ഈ ടീമില്‍ ആരെ മാറ്റിയാണ് ശ്രേയസിനെ ഉള്‍പ്പെടുത്തുക എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അഗാര്‍ക്കര്‍ പറഞ്ഞത്. 15 അംഗ ടീമിനെ മാത്രമെ തെരഞ്ഞെടുക്കാനാവു, അതുകൊണ്ട് ശ്രേയസ് അവസരത്തിനായി കാത്തിരിക്കണമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
ബാറ്റിംഗ് നിരയിലെ മൂന്നാം സ്ഥാനത്തിനായി ശ്രേയസ് അയ്യരും തിലക് വര്‍മയും തമ്മിലായിരുന്നു കടുത്ത മത്സരമുണ്ടായിരുന്നത് എന്നാണ് സൂചന. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറി നേടിയ തിലക് വര്‍മ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അര്‍ധസെഞ്ചുറിയുമായി ഒരു മത്സരത്തില്‍ ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള തിലക് വര്‍മയെ ഒഴിവാക്കി ഐപിഎല്ലിലെ പ്രകടനത്തിന്‍റെ പേരില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് സെലക്ടര്‍മാര്‍ ശ്രേയസിനെ തഴഞ്ഞത് എന്നാണ് കരുതുന്നത്.
ശ്രേയസിനൊപ്പം യശസ്വി ജയ്സ്വാളിനെ എന്തുകൊണ്ട് ഓപ്പണറായി പരിഗണിച്ചില്ലെന്ന ചോദ്യത്തിനും അഗാര്‍ക്കര്‍ മറുപടി നല്‍കി. ഓപ്പണറെന്ന നിലയില്‍ അഭിഷേക് ശര്‍മ നിലവില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവരിലൊരാള്‍ പുറത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അത് നിര്‍ഭാഗ്യകരമാണ്. ശ്രേയസിന്‍റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹർഷിത് റാണ, റിങ്കു സിംഗ്.


