തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും കാണികള്‍ക്ക് ഏറെ പ്രയോജനകരമാകും.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കായികപ്രേമികള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെസിഎ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ ഫൈനല്‍ പോരാട്ട ദിനത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
വാട്ടര്‍ ഡിസ്‌പെന്‍സറുകളുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ് നിര്‍വഹിച്ചു. കായിക പ്രേമികള്‍ക്ക് മികച്ച സ്റ്റേഡിയം അനുഭവം സമ്മാനിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കെസിഎ കാണിക്കുന്ന കരുതലിനെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങില്‍ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി. നായര്‍, സെക്രട്ടറി വിനോദ് എസ്. കുമാര്‍, സിഎഫ്ഒയും സിഇഒയുമായ മിനു ചിദംബരം തുടങ്ങിയവര്‍ പങ്കെടുത്തു.
കായിക താരങ്ങള്‍ക്കൊപ്പം തന്നെ കാണികളുടെയും ക്ഷേമം ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക വോളന്റിയര്‍മാരെയും ജീവനക്കാരെയും കെസിഎ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയ 28,000-ത്തോളം കാണികള്‍ക്കും പദ്ധതിയുടെ ?ഗുണം ലഭിച്ചു. കൂടാതെ,? വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ഈ സൗകര്യം ഏറെ ഗുണകരമാകും.
സെപ്റ്റംബര്‍ 27-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാനെത്തുന്ന ആയിരക്കണക്കിന് കായികപ്രേമികള്‍ക്കും പുതിയ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ വഴി ശുദ്ധജലം സുലഭമായി ലഭിക്കുമെന്ന് കെ.സി.എ അറിയിച്ചു.

