പോയന്‍റ് ടേബിള്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് തന്നെ പുറത്തായി കഴിഞ്ഞു. എന്നാല്‍ അതുകൊണ്ട് ഞങ്ങളെ തളര്‍ത്താനാവില്ല.

ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളും തോറ്റതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയത്. കണക്കുകളില്‍ ഇപ്പോഴും നേരിയ സാധ്യതകളുണ്ടെങ്കിലും പ്ലേ ഓഫ് സ്വപ്നം കാണുന്നില്ലെന്ന് ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഹോം മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങും മുമ്പാണ് ഷെയ്ന്‍ ബോണ്ട് ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്നകാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം 35 ഓവറോളം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയശേഷം അവസാന അഞ്ചോവറുകളിലാണ് ഞങ്ങള്‍ കളി കൈവിട്ടത്. ഏതാനും മത്സരങ്ങളില്‍ ജയിക്കാവുന്ന സാഹചര്യങ്ങളില്‍ എത്തിയിട്ടും സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാൻ ഞങ്ങൾക്കായില്ല. സമ്മര്‍ദ്ദഘട്ടങ്ങളില്‍ എതിരാളികള്‍ ഞങ്ങളെക്കാള്‍ മികവ് കാട്ടി കളി കൈയിലെടുത്തു. ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ രണ്ട് ജയം മാത്രമാണ് ഞങ്ങള്‍ നേടിയത് എന്നതാണ്. ഇനി അതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. പോയന്‍റ് ടേബിള്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് തന്നെ പുറത്തായി കഴിഞ്ഞു. എന്നാല്‍ അതുകൊണ്ട് ഞങ്ങളെ തളര്‍ത്താനാവില്ല. സീസണ്‍ മികച്ച വിജയങ്ങളോടെ അവസാനിപ്പിക്കാനാണ് ഇനിയുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ ശ്രമിക്കുക. അടുത്ത സീസണില്‍ ടീമില്‍ തുടരുന്ന താരങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളില്‍ ടീമിനായി ചെയ്യാനുണ്ടെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

സൂര്യകുമാറിന്‍റെ ഓറഞ്ച് ക്യാപിന് അൽപ്പായുസ്, റൺവേട്ടയില്‍ വീണ്ടും കിംഗ് ആയി കോലി

കഴിഞ്ഞ സീസണില്‍ ജയ്പൂരിലെ ഹോം മത്സരങ്ങളില്‍ ഭൂരിഭാഗവും ജയിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഐപിഎല്‍ മെഗാ താരലേലത്തില്‍ പുതിയൊരു ടീമിനെ അവതരിപ്പിച്ചപ്പോള്‍ അവരില്‍ പലര്‍ക്കും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാഞ്ഞത് തിരിച്ചടിയായി. സീസണ്‍ തുടങ്ങുമ്പോള്‍ ആദ്യ ലക്ഷ്യം പ്ലേ ഓഫിലെത്തുക എന്നതായിരുന്നു. എന്നാല്‍ ഇനി അത് സാധിക്കുമെന്ന് തോന്നുന്നില്ല. അ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇനി ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഞങ്ങളിതുവരെ നടത്തിയത് മികച്ച പ്രകടനമായിരുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനര്‍ത്ഥം വരുന്ന നാലോ അഞ്ചോ മത്സരങ്ങളിലും മോശം പ്രകടനം തുടരുമെന്നല്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങളെല്ലാവരും ബാധ്യസ്ഥരാണ്.

സൂര്യകുമാറിന്‍റെ ഓറഞ്ച് ക്യാപിന് അൽപ്പായുസ്, റൺവേട്ടയില്‍ വീണ്ടും കിംഗ് ആയി കോലി

കളിക്കാര്‍ അവരുടെ വ്യക്തിഗത പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനും ഇനിയുള്ള മത്സരങ്ങള്‍ ഉപയോഗിക്കണം. ജോഫ്ര ആര്‍ച്ചര്‍ മുതല്‍ സന്ദീപ് ശര്‍മ വരെയുള്ളവരെല്ലാം അതിന് ശ്രമിക്കുമെന്നുറപ്പാണ്. ജയിച്ചാലും തോറ്റാലും പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനാണ് വരും മത്സരങ്ങളില്‍ രാജസ്ഥാന്‍ ശ്രമിക്കുകയെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.