Virat Kohli’s 100th Test : ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെ നിര്‍ണായക ബാറ്റിംഗ് പൊസിഷനുകളിലേക്ക് മത്സരിക്കുന്നത്

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് (IND vs SL 1st Test) വിരാട് കോലിയുടെ (Virat Kohli’s 100th Test) നൂറാം ടെസ്റ്റാണ് എന്നതുമാത്രമല്ല പ്രത്യേകത. ചേതേശ്വര്‍ പുജാരയും (Cheteshwar Pujara) അജിന്‍ക്യ രഹാനെയും (Ajinkya Rahane) അടക്കിഭരിച്ചിരുന്ന ഇന്ത്യന്‍ മധ്യനിരയിലേക്ക് യുവതാരങ്ങള്‍ ചേക്കേറുന്ന മത്സരം കൂടിയാണ് മൊഹാലിയില്‍ ആരംഭിക്കുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ യുവ ബാറ്റര്‍മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ (Dimuth Karunaratne).

പ്ലാന്‍ ഗില്ലിനും ശ്രേയസിനും

'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. കുറച്ച് യുവതാരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ കളിക്കും. അവര്‍ അജിന്‍ക്യ രഹാനെയുടെയും ചേതേശ്വര്‍ പുജാരയുടേയും സ്ഥാനം നികത്താനാണ് സാധ്യത. അവര്‍ക്കെതിരെ തന്ത്രങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്'- മൊഹാലി ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ദിമുത് കരുണരത്‌നെ വ്യക്തമാക്കി. 

ബാറ്റിംഗ് പരാജയത്തിന്‍റെ പേരില്‍ പുജാരയെയും രഹാനെയെയും ലങ്കന്‍ പരമ്പരയ്‌ക്കുള്ള ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവരുടേയും അസാന്നിധ്യത്തില്‍ യുവതാരങ്ങളായ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെ നിര്‍ണായക ബാറ്റിംഗ് പൊസിഷനുകളിലേക്ക് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം കൂടുതല്‍ അവസരങ്ങള്‍ക്കായി നാളുകളായി കാത്തിരിക്കുന്ന ഹനുമാ വിഹാരിയും പോരാട്ടത്തില്‍ രംഗത്തുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ വരുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു. ഇതുവരെ അന്താരാഷ്‌ട്ര മത്സരം കളിക്കാത്ത പ്രിയങ്ക് പാഞ്ചലും സ്‌ക്വാഡിലുണ്ട്. 

ശ്രദ്ധാകേന്ദ്രം കോലി

ഇന്ത്യന്‍ മുന്‍നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റും ക്യാപ്റ്റനായി പുതുയുഗത്തിന് രോഹിത് ശര്‍മ്മ തുടക്കമിടുന്നതുമാണ് മൊഹാലി ടെസ്റ്റിന്‍റെ പ്രധാന ആകര്‍ഷണം. 100 ടെസ്റ്റ് ക്ലബിലെത്തുന്ന 12-ാം ഇന്ത്യനും ആകെ 71-ാം രാജ്യാന്തര താരവുമാകും കോലി. ടീമിന്‍റെ 300-ാം ടെസ്റ്റാണ് ഇതെന്നത് ലങ്കയ്‌ക്കും മത്സരം പ്രധാനപ്പെട്ടതാക്കുന്നു. 

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് കിംഗ് കോലി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ലങ്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. അയല്‍ക്കാരോട് 15 ഇന്നിംഗ്‌സില്‍ 1004 റണ്‍സ് കോലി നേടി. ഇതില്‍ അഞ്ച് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. '

Virat Kohli 100th Test : കോലിയുടെ നൂറാം ടെസ്റ്റ്; മൊഹാലിയില്‍ കാണികളെ അനുവദിച്ചതിന് ലങ്കന്‍ നായകന്‍റെ കയ്യടി