കളിയിലെ നിര്‍ണായക ഓവറായിരുന്നു അത്. പക്ഷെ പ്രസിദ്ധിന് വിക്കറ്റ് നേടാനായില്ല.അതിനുശേഷമാണ് കാര്യങ്ങള്‍ ഗുജറാത്തിന്‍റെ കൈവിട്ടുപോയത്. രോഹിത്തിന്‍റെ ക്യാച്ചും ജെറാള്‍ഡ് കോട്സി കൈവിട്ടു.

ചെന്നൈ: ഐപിഎല്‍ എലിമിനേറ്റററില്‍ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പിച്ച് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതില്‍ ഭാഗ്യത്തിന്‍റെ പിന്തുണ കൂടിയുണ്ടെന്ന് ചെന്നൈ താരം ആര്‍ അശ്വിന്‍. ഭാഗ്യം ധീരന്‍മാരെ തുണക്കുമെന്നാണ് പറയാറുള്ളതെങ്കിലും എങ്ങനെയാണ് മുംബൈയെ മാത്രം ഭാഗ്യം ഇങ്ങനെ അനുഗ്രഹിക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അല്ലെങ്കില്‍ നോക്കു, ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ പ്രസിദ്ധ് കൃഷ്ണയുടെ ഓവര്‍. 150 കിലോ മീറ്റര്‍ വേഗതയില്‍ വരെ പന്തെറിയുന്ന അവനെ ജോണി ബെയര്‍സ്റ്റോ ഒരോവറില്‍ 26 റണ്‍സടിച്ചു. 2-3 പന്തില്‍ വിക്കറ്റ് കിട്ടേണ്ടതായിരുന്നു, പക്ഷെ നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. കളിയിലെ നിര്‍ണായക ഓവറായിരുന്നു അത്. പക്ഷെ പ്രസിദ്ധിന് വിക്കറ്റ് നേടാനായില്ല.അതിനുശേഷമാണ് കാര്യങ്ങള്‍ ഗുജറാത്തിന്‍റെ കൈവിട്ടുപോയത്. രോഹിത്തിന്‍റെ ക്യാച്ചും ജെറാള്‍ഡ് കോട്സി കൈവിട്ടു.പിന്നാലെ സിറാജിന്‍റെ പന്തില്‍ രോഹിത്തിനെ കുശാല്‍ മെന്‍ഡിസും കൈവിട്ടു.കിട്ടിയ അവസരം രോഹിത് മുതലാക്കി.

ഇങ്ങനെയുള്ള ഭാഗ്യങ്ങള്‍ മുംബൈക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. 2018ല്‍ ഞാന്‍ പഞ്ചാബ് കിംഗ്സിന്‍റെ നായകനായിരുന്നപ്പോള്‍ മുംബൈക്കെതിരായ മത്സരം നടക്കുകയായിരുന്നു. ഞങ്ങൾക്കെതിരെ മുംബൈ 13 ഓവറില്‍ 80-5 എന്ന സ്കോറില്‍ പതറുകയായിരുന്നു. ആ സമയത്താണ് ഫ്ലഡ് ലൈറ്റ് ഓഫായത്. 20 മിനിറ്റിന് ശേഷം കളി തുടങ്ങിയപ്പോൾ മുംബൈക്കായി പൊള്ളാര്‍ഡ് തകര്‍ത്തടിച്ച് അവരെ 180-200 റണ്‍സിന് അടുത്തെത്തിച്ചു.മുംബൈയെ എല്ലായ്പ്പോഴും ഇങ്ങനെ ഭാഗ്യം തുണക്കാറുണ്ട്. തീർച്ചയായും അവര്‍ അത് നേടിയെടുക്കുന്നതാണ്. പക്ഷെ അതെങ്ങനെയെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും അശ്വിന്‍ പറഞ്ഞു. ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റണ്‍സിന് തോല്‍പിച്ച മുംബൈ ഇന്ന് രണ്ടാം ക്വാളിഫയറില്‍ പഞ്ചാബിനെ നേരിടാന്‍ യോഗ്യത നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക