നിങ്ങള്‍ രണ്ടുപേരുമാണോ അശ്വിനെയും ജഡേജയെയും പുറത്താക്കിയതെന്ന്. എന്തു പറഞ്ഞാലും വിവാദമായേക്കാവുന്ന പശ്ചാത്തലത്തില്‍ സ്പിന്നറുടെ പന്തുപോലെയായിരുന്നു കുല്‍ദീപിന്റെ മറുപടിയും. 

നാഗ്പൂര്‍: ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായിരുന്നു ആര്‍ അശ്വിന്‍. ജഡേജയാകട്ടെ അശ്വിനൊപ്പം ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യവും. എന്നാല്‍ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വരവോടെ അശ്വിന്‍ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ പടിക്ക് പുറത്തായപ്പോള്‍ ജഡേജ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സന്ദര്‍ശകന്‍ മാത്രമായി.

കഴിഞ്ഞ ദിവസം ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിനെത്തിയ കുല്‍ദീപ് യാദവിനോട് മാധ്യമപ്രവര്‍ത്തകര്‍ കുഴയ്ക്കുന്ന ആ ചോദ്യമെറിഞ്ഞു. നിങ്ങള്‍ രണ്ടുപേരുമാണോ അശ്വിനെയും ജഡേജയെയും പുറത്താക്കിയതെന്ന്. എന്തു പറഞ്ഞാലും വിവാദമായേക്കാവുന്ന പശ്ചാത്തലത്തില്‍ സ്പിന്നറുടെ പന്തുപോലെയായിരുന്നു കുല്‍ദീപിന്റെ മറുപടിയും.

ഒരിക്കലുമല്ല, ഞങ്ങളാരെയും പുറത്താക്കിയിട്ടില്ല. ഞങ്ങള്‍ക്ക് കിട്ടിയ അവസരം ഉപയോഗിച്ചുവെന്ന് മാത്രം. അവര്‍ രണ്ടുപേരും ഇന്ത്യക്കായി എത്രയോ മികച്ച പ്രടകനം നടത്തിയിട്ടുള്ളവരാണ്. ടെസ്റ്റില്‍ കളിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും അവരുടെ അടുത്ത് ഉപദേശങ്ങളും നിര്‍ദേശങ്ങളും തേടാറുണ്ട്.

അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ഒരുപാട് പരിചയസമ്പത്തുള്ളവരാണ് അശ്വിനും ജഡേജയും. ഞങ്ങള്‍ക്ക് അവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ നന്നായി കളിച്ചു. ടീമിന്റെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാനായി. അത്രയേ ഉള്ളൂ-കുല്‍ദീപ് യാദവ് പറഞ്ഞു. തന്റെ പന്തുകളെ ഫലപ്രദമായി കളിക്കുന്ന ബാറ്റ്സ്മാന്‍മാരില്‍ മുമ്പന്‍ ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷാണെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.