സമീപകാലത്തെ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും, 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണ ജയിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൊല്‍ക്കത്ത: ഇന്ത്യയില്‍ ശുഭ്മന്‍ ഗില്ലിനെയും സംഘത്തേയും തോല്‍പിക്കുക പ്രയാസമാണെങ്കിലും പരമ്പര വിജയമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യമെന്ന് കേശവ് മഹാരാജ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സമീപനാളുകളില്‍ നേടിയ വിജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ ഇന്ത്യയെ തോല്‍പിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ വലിയ സ്വപ്നമാണ്. ടീമിലെ ഓരോ താരവും ഇത് ആഗ്രഹിക്കുന്നു. ഇത്തവണ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേശവ് മഹാരാജ് പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കാനായിട്ടില്ല. ഇന്ത്യയില്‍ ആകെ 19 ടെസ്റ്റുകളില്‍ കളിച്ച ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചത്. പതിനൊന്നില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെയാണ് മത്സരം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്നത് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പര നേടിയ ആത്മവിശ്വാസത്തില്‍.
പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 52 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് ഇന്ത്യന്‍ മണ്ണിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട്. പിച്ച് ആദ്യരണ്ടു ദിവസം പേസര്‍മാരെ തുണയ്ക്കുമെങ്കിലും സ്പിന്നര്‍മാരാവും കളിയുടെ ഗതി നിശ്ചയിക്കുക. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ സ്പിന്‍ ത്രയത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ബാറ്റിംഗ് നിര ശക്തം. യസശ്വി ജയ്‌സ്വാളും കെ എല്‍ രാഹുലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.



