രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗാളിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിവസം കളി നിർത്തുമ്പോൾ ബംഗാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സർവാതെ മൂന്നും എൻ പി ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ ബംഗാളിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 172 റണ്‍സെന്ന നിലയിലാണ് ബംഗാള്‍. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാതെ മൂന്നും എന്‍ പി ബേസില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മഴയെ തുടര്‍ന്ന് മത്സരം മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുര്‍ പോളും ചേര്‍ന്ന് വേഗത്തിലുള്ള തുടക്കമാണ് ബംഗാളിന് നല്‍കിയത്.

എന്നാല്‍ അഞ്ചാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. പത്ത് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ എം ഡി നിധീഷിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ ആമിര്‍ ഗനിയും അങ്കുര്‍ പോളും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത ആമിര്‍ ഗനിയെ പുറത്താക്കി ബേസിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് അനായാസം സ്‌കോറിങ് തുടര്‍ന്ന് അങ്കുര്‍ പോള്‍ 64 പന്തുകളില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

എന്നാല്‍ ആദിത്യ സര്‍വാതയെ വീണ്ടും പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ വിഷ്ണു വിനോദിന്റെ തന്ത്രം ഫലം കണ്ടു. 66 റണ്‍സുമായി ബാറ്റിങ് തുടരുകയായിരുന്ന അങ്കുര്‍ പോളിനെ അഭിഷേക് പി. നായരുടെ കൈകളില്‍ എത്തിച്ച സര്‍വാതെ, തന്റെ അടുത്ത ഓവറില്‍ സുധീപ് ചാറ്റര്‍ജിയെയും അഭിഷേക് പോറലിനെയും പുറത്താക്കി. ആറ് റണ്‍സെടുത്ത സുധീപ് ചാറ്റര്‍ജി സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ അഭിഷേക് പോറലിനെ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ സര്‍വാടെ തന്നെ പുറത്താക്കി.

ഇതോടെ അഞ്ച് വിക്കറ്റിന് 108 റണ്‍സെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സുധീപ് കുമാര്‍ ഘരാമിയും ഷഹബാസ് അഹമ്മദും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 റണ്‍സെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പത്തെ ഓവറിലാണ് പുറത്തായത്. ബേസിലിന്റെ പന്തില്‍ അഭിഷേക് നായര്‍ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്.

YouTube video player