ജമൈക്ക: അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് ആശങ്കകള്‍ക്കിടയില്‍ നടക്കുന്ന പരമ്പരയില്‍ നിന്ന് മൂന്ന് താരങ്ങള്‍ പിന്‍മാറി. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീമോ പോള്‍ എന്നിവരാണ് പരമ്പരക്കുള്ള ടീമില്‍ നിന്ന് പിന്‍മാറിയത്. കൊവിഡ് 19 മഹാമാരി പടര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണിത്.

ജൂലൈ എ‍ട്ട് മുതല്‍  ആണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങള്‍ നടത്തുക. ജൂലൈ എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ 16നും 24നും മാഞ്ചസ്റ്ററില്‍ നടക്കും.

Also Read:എന്നെ ടീമിലുള്‍പ്പെടുത്താന്‍ ഗാംഗുലി ആഗ്രഹിച്ചിരുന്നില്ല; വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍


ഈ മാസം ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങും. മൂന്നാഴ്ചയോളം ഓള്‍ ട്രാഫോര്‍ഡിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ താമസിപ്പിക്കുക. ഇവിടെതന്നെ പരിശീലനത്തിനും സൗകര്യമൊരുക്കും. എഡ്ജ്ബാസ്റ്റണിലായിരിക്കും അടുത്തമാസം ടീം പരിശീലനത്തിനിറങ്ങുക.

ഇംഗ്ലണ്ട് പരമ്പരക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ഷായ് ഹോപ്പ്, ഷെയ്ന്‍ ഡൗറിച്ച്, റോസ്റ്റണ്‍ ചേസ്, ഷെമാര്‍ ബ്രൂക്സ്, റഖീം കോണ്‍വാള്‍, ക്രുമാ ബോണര്‍, അല്‍സാരി ജോസഫ്, ,െമാര്‍ ഹോള്‍ഡര്‍, ജോണ്‍ കാംപ്‌ബെല്‍, റെയ്മണ്‍ റൈഫര്‍, കെമര്‍ റോച്ച്, ജെറമി ബ്ലാക്‌വുഡ്, ഷാനോണ്‍ ഗബ്രിയേല്‍.