ചാറ്റോഗ്രാമില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെ 14 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കി.
ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരെ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. ചാറ്റോഗ്രാമില്‍ നടന്ന രണ്ടാം ടി20 14 റണ്‍സിന് ജയിച്ചതോടെയാണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ഇനിയും അവശേഷിക്കുന്നുണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. അലിക് അതനാസെ (33 പന്തില്‍ 52), ഷായ് ഹോപ്പ് (36 പന്തില്‍ 53) എന്നിവര്‍ തിളങ്ങി. മുസ്തഫിസുര്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റംഗില്‍ ബംഗ്ലാദേശിന് എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്.
വിന്‍ഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് പേരെ പുറത്താക്കിയ ജേസണ്‍ ഹോള്‍ഡറും ബംഗ്ലാദേശിന്റെ തകര്‍ച്ചയില്‍ പങ്കാളിയായി. 61 റണ്‍സ് നേടിയ തന്‍സിദ് ഹസന്‍ തമീമിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ലിറ്റണ്‍ ദാസ് (23), ജേക്കര്‍ അലി (17), തൗഹിത് ഹൃദോയ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സെയ്ഫ് ഹസന്‍ (5), ഷമീം ഹുസൈന്‍ (), നസും അഹമ്മദ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തന്‍സിം ഹസന്‍ സാക്കിബ് (8) പുറത്താവാതെ നിന്നു.
നേരത്തെ, തുടക്കത്തില്‍ തന്നെ ബ്രന്‍ഡിന്‍ കിംഗിന്റെ (1) വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. പിന്നീട് 105 റണ്‍സ് അതനാസെ - ഹോപ്പ് സഖ്യം കൂട്ടിചേര്‍ത്തു. തുടര്‍ന്ന് വിന്‍ഡീസ് തകര്‍ച്ചയും നേരിട്ടു. അതനാസെ 12-ാം ഓവറില്‍ മടങ്ങി. അതേ ഓവറില്‍ ഷെഫാനെ റുതര്‍ഫോര്‍ഡും (0) കൂടാരം കയറി. 13-ാം ഓവറില്‍ ഹോപ്പും പോയി. റോവ്മാന്‍ പവല്‍ (3), ഹോള്‍ഡര്‍ (4) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. റോസ്റ്റണ്‍ ചേസ് (പുറത്താവാതെ 17), ഷെപ്പേര്‍ഡ് (13) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌കോര്‍ 150നോട് അടുപ്പിച്ചത്. ഖാരി പിയേറെ (0), അകെയ്ല്‍ ഹുസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, ഏകദിന പരമ്പര ബംഗ്ലാദേശ് ജയിച്ചിരുന്നു.



