ഐപിഎല്‍ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 9 പന്തില്‍ ഏഴ് റണ്‍സെടുത്ത് നിരാശപ്പെടുത്തി.
സെന്‍റ് ലൂസിയ: ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പ് ബാറ്റിംഗ് വെടിക്കെട്ടുമായി ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 19 ഓവറില്‍ മറികടന്ന് പരമ്പരയില്‍ ആശ്വാസ വിജയം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഫില്‍ സാൾട്ട് 35 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ ജേക്കബ് ബേഥൽ 32 പന്തില 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 23 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ വില്‍ ജാക്സ് 12 പന്തില്‍ 25ഉം സാം കറന്‍ 13 പന്തില്‍ 24 റണ്‍സുമെടുത്ത് തിളങ്ങി. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണര്‍ എവിന്‍ ലൂയിസ് 31 പന്തില്‍ 68 റണ്‍സെടുത്തപ്പോള്‍ ഷായ് ഹോപ്പ് 24 പന്തില്‍ 54 റണ്‍സടിച്ചു.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.1 ഓവറില്‍ 136 റണ്‍സടിച്ച് വിന്‍ഡീസ് വിജയത്തിന് അടിത്തറയിട്ടു. ഏഴ് സിക്സും നാലു ഫോറും അടക്കമാമ് ലൂയിസ് 31 പന്തില്‍ 68 റണ്‍സടിച്ചത്. നിക്കോളാസ് പുരാന്‍ പൂജ്യത്തിന് മടങ്ങിയെങ്കിലും ക്യാപ്റ്റൻ റൊവ്മാന്‍ പവല്‍(23 പന്തില്‍ 38), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(17 പന്തില്‍ 29*) എന്നിവര്‍ തിളങ്ങിയതോടെ വിന്‍ഡീസ് അനായാസം ലക്ഷ്യത്തിലെത്തി.
ഐപിഎല്‍ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 9 പന്തില്‍ ഏഴ് റണ്‍സെടുത്ത് നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം ഇന്ന് സെന്‍റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
