അവസാന വിക്കറ്റില്‍ അസാമാന്യ പോരാട്ടം കാഴ്ച്ചവെച്ച ജസ്റ്റിന്‍ ഗ്രീവ്സ്-ജെയ്ഡന്‍ സീല്‍സ് സഖ്യം പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ വിന്‍ഡീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 390 റണ്‍സിലെത്തി.

ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഫോളോ ഓണ്‍ ചെയ്ത് മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ജോണ്‍ കാംബെല്ലിന്‍റെയും ഷായ് ഹോപ്പിന്‍റെയും വാലറ്റക്കാരുടെയും പോരാട്ടവീര്യത്തിന്‍റെ കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 390 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 270 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് 121 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നോട്ടുവെച്ചിരിക്കുന്നത്.

അവസാന വിക്കറ്റില്‍ അസാമാന്യ പോരാട്ടം കാഴ്ച്ചവെച്ച ജസ്റ്റിന്‍ ഗ്രീവ്സ്-ജെയ്ഡന്‍ സീല്‍സ് സഖ്യം പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ വിന്‍ഡീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 390 റണ്‍സിലെത്തി. 132 പന്തുകള്‍ നേരിട്ട അവസാന വിക്കറ്റ് സഖ്യം തകര്‍ക്കാനാകാതെ ഇന്ത്യ വിയര്‍ത്തപ്പോള്‍ ചായക്ക് ശേഷം ജെയ്ഡന്‍ സീല്‍സിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ കൈകളിലെത്തിച്ച ജസ്പ്രീത് ബുമ്രയാണ് വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ 390 റണ്‍സടിച്ചതോടെ മറ്റൊരു അപൂര്‍വനേട്ടവും വിന്‍ഡീസ് സ്വന്തമാക്കി. 2013നുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഒരു സന്ദര്‍ശക ടീം രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കെതിരെ 350 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 420 റണ്‍സടിച്ചിരുന്നു. പത്താം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തയതോടെ മറ്റൊരു റെക്കോര്‍ഡും വിന്‍ഡീസ് അടിച്ചെടുത്തു. 2017ല്‍ ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്-ജോഷ് ഹേസല്‍വുഡ് സഖ്യം പത്താം വിക്കറ്റില്‍ 50 റണ്‍സെടുത്തശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീം പത്താം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നത്.

ആദ്യ ടെസ്റ്റില്‍ പോരാട്ടമില്ലാതെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ വിന്‍ഡീസ് രണ്ടാം ടെസ്റ്റിലും ഇന്നിംഗ്സ് തോല്‍വി വഴങ്ങുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് അസാമാന്യ ചെറുത്തുനില്‍പ്പ് നടത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക