മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് ലെജന്‍‍ഡ്സ്-ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്സ് പോരാട്ടം. ഇന്ത്യക്കെതിരായ തോൽവിയോടെ തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസും ആദ്യ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ബ്രയാന്‍ ലാറയുടെയും ജോണ്ടി റോഡ്സിന്‍റെയും തന്ത്രങ്ങളുടെ പോരാട്ടം ആകും മത്സരം. 

2003ൽ രാജ്യാന്തര ക്രിക്കറ്റ് വിട്ട നായകന്‍ ജോണ്ടി റോഡ്സിന് പുറമേ ഹെര്‍ഷെയ്ൽ ഗിബ്സ്, ജാക്വസ് റുഡോള്‍ഫ്, ലാന്‍സ് ക്ലൂസ്‌നര്‍, ആല്‍ബി മോര്‍ക്കല്‍, റോജര്‍ ടെലെമാക്കസ് എന്നിവരും ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്. ലാറയെ കൂടാതെ ശിവനാരൈന്‍ ചന്ദര്‍പോള്‍, കാള്‍ ഹൂപ്പര്‍, റിക്കാര്‍ഡോ പവല്‍, ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍ തുടങ്ങിയവര്‍ വിന്‍ഡീസ് ടീമിലുണ്ട്. 

ഇന്നലെ ലങ്കയ്‌ക്കെതിരെ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ഇന്ത്യ മറികടന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഇർഫാൻ പഠാന്‍റെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ജയം ഉറപ്പാക്കിയത്. പഠാന്‍ 31 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 57 റണ്‍സ് നേടി. 46 റൺസുമായി മുഹമ്മദ് കൈഫും തിളങ്ങി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്‌ക്കായി ദിൽഷനും കലുവിതരണയും ചേ‍ർന്ന് കരുതലോടെ തുടങ്ങി. ടീം സ്കോർ 46ൽ നിൽക്കേ 23 റൺസുമായി ദിൽഷൻ മടങ്ങി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബോളർമാർ സ്‌കോറിംഗ് വേഗം കുറയ്‌ക്കുകയായിരുന്നു. ഇന്ത്യയ്‌ക്കായി മുനാഫ് പട്ടേൽ നാല് വിക്കറ്റ് നേടി.

Read more: പഠാന്‍ പവര്‍; ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് ത്രസിപ്പിക്കുന്ന ജയം