നേരത്തെ രാജസ്ഥാന്‍ റോയല്‍സ് പരിശീലന സെഷനിടെ യശസ്വിയുടെ ബാറ്റിംഗിലെ പോരായ്മകള്‍ തിരിത്തിക്കൊടുക്കുന്ന ജോസ് ബട്‌ലറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാജ്കോട്ട്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ എന്താണെന്ന് കാണിച്ചുകൊടുത്ത ഇന്നിംഗ്സിലൂടെ രാജ്കോട്ട് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ചേര്‍ത്ത് പിടിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. എക്സിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരം കൂടിയായ യശസ്വിയെ ജോസ് ബട്‌ലര്‍ അഭിനന്ദിച്ചത്.
ഇംഗ്ലണ്ടിനെതിരെ ആണ് യശസ്വി അടിച്ചു തകര്‍ത്തത് എന്നത് നാണക്കേടുണ്ടാക്കുന്നുണ്ട്. പക്ഷെ അവന്‍റെ ഈ പ്രകടനത്തില്‍ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക. തന്‍റെ പ്രതിഭയോടും റണ്‍ദാഹത്തോടും കളിയോടുള്ള പ്രതിബദ്ധതയോടും പൂര്‍ണമായും നീതിപുലര്‍ത്തുന്ന പ്രകടനമായിരുന്നു അവന്‍റേത്. എന്തൊരു താരമണ് അവന്‍ എന്നായിരുന്നു ജോസ് ബട്‌ലറുടെ എക്സ് പോസ്റ്റ്.
നേരത്തെ രാജസ്ഥാന്‍ റോയല്‍സ് പരിശീലന സെഷനിടെ യശസ്വിയുടെ ബാറ്റിംഗിലെ പോരായ്മകള്‍ തിരിത്തിക്കൊടുക്കുന്ന ജോസ് ബട്‌ലറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ട്രൈറ്റ് ഷോട്ട് എങ്ങനെ കളിക്കണമെന്ന് ബട്‌ലര്‍ യശസ്വിക്ക് പറഞ്ഞുകൊടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യങ്ങളില്‍ വൈറലായത്.
യശസ്വിയുടെ കളിയോടുള്ള അര്‍പ്പണ മനോഭാവത്തെയും കഠിനാധ്വാനത്തെയും പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ ബൗളിംഗ് പരിശീലകനായ ലസിത് മലിംഗയും രംഗത്തുവന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ ബൗളിംഗ് പരിശീലകനായിരുന്ന ഹൃസ്വകാലത്ത് അവന്‍റെ കളിയോടുള്ള ആത്മാര്‍പ്പണവും കഠിനാധ്വാനവും എന്നില്‍ ശരിക്കും മതിപ്പുളവാക്കി. എന്‍റെ കരിയറില്‍ തന്നെ ഇത്രയും ആത്മാര്‍പ്പണം വളരെ ചുരുക്കം യുവതാരങ്ങളില്‍ മാത്രമെ കണ്ടിട്ടുള്ളു. ഇവന്‍ പ്രത്യേകതയുള്ളവനാണ്. ഇപ്പോള്‍ നേടിയതൊന്നുമല്ല അവന്‍റെ ഏറ്റവും മികച്ച പ്രകടനമെന്നായിരുന്നു ലസിത് മലിംഗ എക്സ് പോസ്റ്റില്‍ കുറിച്ചത്.
രാജ്കോട്ട് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 10 റണ്‍സിന് പുറത്തായ യശസ്വി രണ്ടാം ഇന്നിംഗ്സില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി 14 ബൗണ്ടറികളും 12 സിക്സുകളും പറത്തി.
