മഴ മത്സരം മുടക്കിയാൽ കൊൽക്കത്ത ടൂർണമെന്റിൽ നിന്ന് പുറത്താകും, ആർസിബിക്ക് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല.
ബെംഗളൂരു: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മഴ ഭീഷണിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. മത്സരം പൂര്‍ണമായും മഴയെടുക്കാനുളള സാധ്യത പോലുമുണ്ട്. മഴ കളി തടസ്സപ്പെടുത്തുകയും മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്താല്‍, അത് ഇരു ടീമുകളെയും സാരമായി ബാധിക്കും.
കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് ഔദ്യോഗികമായി പുറത്താകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ഇതിനോടകം പുറത്തായ ടീമുകള്‍. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്ത 11 പോയിന്റും +0.193 നെറ്റ് റണ്‍ റേറ്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ആര്‍സിബിക്ക് ഒരു പോയിന്റ് ലഭിക്കും. അത് അവരെ വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും. എന്നിരുന്നാലും പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ല. ആദ്യ നാലില്‍ ഔദ്യോഗികമായി സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് ഇനിയും ഒരു വിജയം ആവശ്യമാണ്.
11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളുമായി 16 പോയിന്റും +0.482 നെറ്റ് റണ്‍ റേറ്റും ഉള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഈ സീസണില്‍ അവര്‍ അവരുടെ എല്ലാ എവേ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ടെങ്കിലും, സ്വന്തം മൈതാനത്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
രാത്രി 8 മണിക്കും 9 മണിക്കും ഇടയില്‍ 60-75 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഏഴ് ടീമുകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ട്. ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരം ചൂടുപിടിക്കുകയാണ്. 2012, 2014, 2024 വര്‍ഷങ്ങളില്‍ കെകെആര്‍ മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.