കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ.
സൂറിച്ച്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിന്റെ തീയ്യതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കും. അര്‍ജന്റീന - സ്‌പെയ്ന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ നിര്‍ണായക യോഗം ചേര്‍ന്നു. പരാഗ്വേയില്‍ നടന്ന യോഗ തീരുമാനങ്ങള്‍ വൈകാതെ പുറത്തുവിടും. കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. ബാഴ്‌സലോണ ആയിയിരിക്കും ഫൈനലിന് വേദിയാവുകയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ഇതിഹാസതാരം ലിയോണല്‍ മെസിക്ക് യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്സലോണ ഫൈനലിസിമയ്ക്കായി നീക്കം നടത്തുന്നത്. ബാഴ്സലോണയുടെ ഇതിഹാസ താരമായ ലിയോണല്‍ മെസിയും ബാഴ്സയുടെ പുതിയ പ്രതീക്ഷയായ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ സൂപ്പര്‍ പോരാട്ടത്തിന്റെ പ്രത്യേകത. മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും. ഒരിക്കലെങ്കിലും മെസിക്കൊപ്പം പന്തുതട്ടണമെന്ന് ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് യമാല്‍.
തന്റെ ആരാധ്യനായകനെ വലിയൊരു വേദിയില്‍ എതിരാളിയായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാകും യമാല്‍ ഫൈനലിസിമയ്ക്ക് ബൂട്ട് കെട്ടുക. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ഞ് ലാമിനെ കയ്യിലെടുത്ത് നില്‍ക്കുന്ന മെസിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരവുരും ലോകവേദിയിലെ വലിയൊരു മത്സരത്തില്‍ ഏറ്റുമുട്ടുകയാണ്. 2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്സലോണ ഫൈനലിസമ വേദിയാവാന്‍ ശ്രമിക്കുന്നത്. 2022ല്‍ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയമാണ് ഫൈനലിസിമയ്ക്ക് വേദിയായത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കളി കാണാനുള്ള സൌകര്യം കാംപ് നൌവിലുണ്ടാവും.
കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നത് കാംപ് നൌവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. 2025 ഒക്ടോബറിലോ നവംബറിലോ ഫൈനലിസിമ നടത്തുന്നതാണ് നല്ലതെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു. 2026ല്‍ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് മുന്‍പായിരിക്കും ഫൈനലിസിമ നടക്കുക.
കഴിഞ്ഞ ഫൈനലിസിമ അര്‍ജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യന്‍ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മറികടന്നത്. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവര്‍ ഗോളുകള്‍ നേടി.



