- Home
- Sports
- Cricket
- സെഞ്ചുറിയടിച്ചിട്ടും വിരാട് കോലി വീണു, ഏകദിന സിംഹാസനത്തിന് പുതിയ അവകാശി, രോഹിത്തിനും നഷ്ടം
സെഞ്ചുറിയടിച്ചിട്ടും വിരാട് കോലി വീണു, ഏകദിന സിംഹാസനത്തിന് പുതിയ അവകാശി, രോഹിത്തിനും നഷ്ടം
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഡാരില്‍ മിച്ചല്‍ ഒന്നാമതെത്തിയപ്പോള്‍, രോഹിത് ശര്‍മ്മ നാലാം സ്ഥാനത്തേക്ക് വീണു.

കോലി വീണു
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്ക് ശേഷം പുറത്തുവന്ന റാങ്കിംഗിലാണ് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
മിച്ചല്‍ നമ്പര്‍ വണ്‍
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി മിന്നിയ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് ഏകദിന റാങ്കിംഗില്‍ കോലിലെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് കളികളില്‍ 84, 131, 137 എന്നിങ്ങനെയായിരുന്നു മിച്ചലിന്‍റെ സ്കോറുകള്‍.845 റേറ്റിംഗ് പോയന്‍റുമായാണ് മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കോലി രണ്ടാമന്‍
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 240 റണ്‍സടിച്ച വിരാട് കോലി 795 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഡാരില്‍ മിച്ചലിനെക്കാള്‍ 50 റേറ്റിംഗ് പോയന്‍റ് മുന്നിലായിരുന്നു കോലി.
രോഹിത്തിനും വീഴ്ച
ഇന്ത്യയുടെ രോഹിത് ശര്‍മയെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സര്‍ദ്രാൻ മൂന്നാം സ്ഥാനത്തേക്ക് കയറി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയ രോഹിത് പുതിയ റാങ്കിംഗില്‍ 757 പോയന്‍റുമായി നാലാം സ്ഥാനത്താണ്.
ഗില്ലിന് ഇളക്കമില്ല
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 723 റേറ്റിംഗ് പോയന്‍റുമായി അഞ്ചാം സ്ഥാനം നിലനിർത്തി.
രാഹുല്‍ ആദ്യ പത്തില്‍
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യൻ താരം കെ എല്‍ രാഹുല്‍ ഒരു സ്ഥാനം ഉയര്‍ന്ന് 670 റേറ്റിംഗ് പോയന്‍റുമായി പത്താം സ്ഥാനത്തെത്തി. ഇതോടെ കോലി, രോഹിത്, ഗില്‍ എന്നിവര്‍ക്കൊപ്പം ആദ്യ പത്തില്‍ രാഹുലുമെത്തി.
ശ്രേയസിന് തിരിച്ചടി
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. പുതിയ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണ് ശ്രേയസ്.
വന്‍കുതിപ്പുമായി ഗ്ലെൻ ഫിലിപ്സ്
ഇന്ത്യക്കെതിരായ പരമ്പരയില്‍ ബാറ്റിംഗില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സ് 16 സ്ഥാനം ഉയര്‍ന്ന് ഇരുപതാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
കുല്‍ദീപിനും വീഴ്ച
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിറം മങ്ങിയ ഇന്ത്യയുടെ കുല്‍ദീപ് യാദവ് ബൗളിംഗ് റാങ്കിംഗില്‍ നാലു സ്ഥാനം നഷ്ടമാക്കി ഏഴാം സ്ഥാനത്തായി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളറും കുല്‍ദീപാണ്. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ഒന്നാമത്.
ജഡേജയും താഴേക്ക്
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മധ്യ ഓവറുകളിൽ വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാലു സ്ഥാനം നഷ്ടമാക്കി 25-ാം സ്ഥാനത്തേക്ക് വീണു. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായ ജഡേജ പതിനാലാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!