ഇഷാൻ കിഷൻ ബംഗ്ലാദേശിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയാണ് തന്റെ വിരമിക്കലിന് കാരണമെന്ന് ശിഖർ ധവാൻ. കിഷന്റെ പ്രകടനം കണ്ടപ്പോൾ തന്റെ കരിയർ അവസാനിച്ചുവെന്ന് തോന്നിയെന്നും ധവാൻ പറഞ്ഞു.
ദില്ലി: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കായി എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാമെടുക്കാന്‍ കാരണമായത് ഇഷാന്‍ കിഷന്‍ നേടിയ ഡബിള്‍ സെഞ്ചുറിയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ധവാന്‍ ഇപ്പോള്‍. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു കിഷന്‍ 131 പന്തില്‍ 210 റണ്‍സടിച്ച് ഏകദിന ഡബിള്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനായത്. 24 ഫോറും 10 സിക്സും അടങ്ങുന്നതായിരുന്നു കിഷന്‍റെ ഇന്നിംഗ്സ്. ആ മത്സരത്തില്‍ ധവാന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായിരുന്നു.
കരിയറില്‍ നിരവധി അർധസെഞ്ചുറികളും 70+ സ്കോറുകളും നേടിയിട്ടുണ്ടെങ്കിലും അവയൊന്നും സെഞ്ചുറികളായി മാറ്റാന്‍ തനിക്കായിരുന്നില്ലെന്ന് ധവാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാനും ഇഷാന്‍ കിഷനും ഓപ്പണറായി ഇറങ്ങിയ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കിഷന്‍ 200 റണ്‍സടിച്ചത്. ആ മത്സരത്തില്‍ മൂന്ന് റണ്‍സെടുത്ത് ഞാന്‍ പുറത്തായിരുന്നു.
ഇഷാന്‍ കിഷന്‍റെ ഡബിള്‍ സെഞ്ചുറി കണ്ടപ്പോള്‍ തന്നെ എനിക്കൊരു ഉള്‍വിളിയുണ്ടായി. കളിച്ചത് മതി, എന്‍റെ കരിയര്‍ ഇവിടെ തീര്‍ന്നുവെന്ന്. അങ്ങനെയാണ് ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തത്. എന്‍റെ സുഹൃത്തുക്കളൊക്കെ കരുതിയത് ഞാന്‍ അകെ തകർന്ന് ഇരിക്കുകയാണെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില ഞാന്‍ അടിച്ചുപൊളിച്ച് സന്തോഷിച്ചിരിക്കുമ്പോഴാണ് വിരമിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യൻ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ടീമിലെ സഹതാരങ്ങളാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയ ധവാന്‍ അതിന് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നില്ലെന്നും കരിറിന്‍റെ തുടക്കം മുതലെ ഇത്തരം തഴയലുകള്‍ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും മറുപടി നല്‍കി. രാഹുല്‍ ദ്രാവിഡ് മെസേജ് അയച്ചിരുന്നുവെന്നും ടീമിലെ സഹതാരങ്ങളെല്ലാം വിദേശ പരമ്പരകളിലോ മറ്റ് തിരക്കുകളിലോ ആയിരിക്കാമെന്നും ധവാന്‍ പറഞ്ഞു.


