ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടണമെന്നു മാത്രമായിരുന്നു എന്‍റെ ആഗ്രഹം. പ്രത്യേകിച്ച് അഡ്‌ലെയ്ഡിലെ നാണക്കേടിന്‍റെ പശ്ചാത്തലത്തില്‍. അത് മാത്രമല്ല, ഗാബ ടെസ്റ്റിന് മുമ്പ് എല്ലാവരും ഇന്ത്യന്‍ ടീമിന് ഗാബയില്‍ കളിക്കാന്‍ പേടിയാണെന്ന് പറഞ്ഞിരുന്നു. കാരണം കഴിഞ്ഞ 32 വര്‍ഷമായി ഓസ്ട്രേലിയ അവിടെ തോറ്റിട്ടില്ല.

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഐതിഹാസിക വിജയം നേടിയ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം കണ്ട് കണ്ണു നിറഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. കുടുംബവുമൊത്താണ് ബ്രിസ്ബേന്‍ ടെസ്റ്റിലെ അവസാന ദിവസത്തെ കളി കാണാനിരുന്നതെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ഞാന്‍നൊരു വികാരജീവിയാണെന്നതില്‍ ഒരു സംശയവുമില്ല. കുടുംബവുമൊത്താണ് അവസാന ദിവസത്തെ കളി കാണാനിരുന്നത്. റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ബാറ്റു ചെയ്യുമ്പോള്‍ ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. കാരണം, നമ്മള്‍ കളിക്കാത്തപ്പോള്‍ കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല.

ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടണമെന്നു മാത്രമായിരുന്നു എന്‍റെ ആഗ്രഹം. പ്രത്യേകിച്ച് അഡ്‌ലെയ്ഡിലെ നാണക്കേടിന്‍റെ പശ്ചാത്തലത്തില്‍. അത് മാത്രമല്ല, ഗാബ ടെസ്റ്റിന് മുമ്പ് എല്ലാവരും ഇന്ത്യന്‍ ടീമിന് ഗാബയില്‍ കളിക്കാന്‍ പേടിയാണെന്ന് പറഞ്ഞിരുന്നു. കാരണം കഴിഞ്ഞ 32 വര്‍ഷമായി ഓസ്ട്രേലിയ അവിടെ തോറ്റിട്ടില്ല.

ജീവിതത്തില്‍ രണ്ട് തവണയാണ് ഞാന്‍ ഇത്തരത്തില്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുപോയിട്ടുള്ളത്. ആദ്യത്തേത് 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വിജയത്തിനുശേഷമായിരുന്നു. ലോകകപ്പ് ഉയര്‍ത്തുന്ന ടീമില്‍ അംഗമാകണമെന്നത് എന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. എന്‍റെ കൂടെ കളിച്ച എനിക്ക് അടുത്തറിയാവുന്ന കളിക്കാരാണ് അവിടെ ആ സ്വപ്നം സാക്ഷാത്കരിച്ചചത്.

അതുപോലെ ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ തോല്‍പ്പിക്കുക എന്നതും എന്‍റെ വലിയ ആഗ്രഹമായിരുന്നു. ക്രിക്കറ്റ് കരിയറില്‍ എനിക്കതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ ഇന്ത്യയുടെ യുവ ടീം അത് നേടിയപ്പോള്‍ വികാരം അടക്കാനായില്ല. കണ്ണു നിറഞ്ഞൊഴുകി. ക്രിക്കറ്റിന് മാത്രമല്ല രാജ്യത്തിനു തന്നെ എത്രവലിയ പ്രചോദമാണ് ആ വിജയമെന്നത് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല-ലക്ഷ്മണ്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ എക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ലക്ഷ്മണിന്‍റെയും ദ്രാവിഡിന്‍റെയും ഐതിഹാസിക പ്രകടനങ്ങളുടെ കരുത്തില്‍ 16 ടെസ്റ്റ് ജയങ്ങളുടെ പെരുമയുമായെത്തിയ സ്റ്റീവ് വോയുടെ ഓസീസിനെ ഇന്ത്യ 2001ലെ ടെസ്റ്റ് പരമ്പരയില്‍ കീഴടക്കിയിരുന്നു