ഫ്ലോറി‍ഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയ്‌ക്കായി അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരമ്പര നടക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രം കോലി ട്വീറ്റ് ചെയ്തപ്പോള്‍ രോഹിത്തിന്‍റെ അഭാവം ആരാധകരുടെ കണ്ണിലുടക്കി. 

'സ്‌ക്വാഡ്' എന്ന തലക്കെട്ടിലുള്ള ചിത്രത്തില്‍ കോലിക്കൊപ്പം രവീന്ദ്ര ജഡേജ, നവ്‌ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ശ്രേയാസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ എല്‍ രാഹുല്‍ എന്നിവരാണുള്ളത്. രോഹിത് ശര്‍മ്മ എവിടെയെന്ന് കോലിയുടെ ചിത്രത്തിന് താഴെ ചോദിക്കുകയാണ് ആരാധകര്‍. 

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത്തും കോലിയും രണ്ട് തട്ടിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും പിന്തുടരുന്നത് നിര്‍ത്തിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.എന്നാല്‍ രോഹിത്തുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ വിന്‍ഡീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി നിഷേധിച്ചു. 

ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ട്വീറ്റിലൂടെ നിലപാട് അറിയിച്ച് രോഹിതും രംഗത്തെത്തി. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.