മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, വിരാട് കോലിയെക്കാൾ മികച്ചത് ജോ റൂട്ട് ആണെന്ന് അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസ താരങ്ങളായ വിരാട് കോലിയെയും ജോ റൂട്ടിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദത്തിന് വഴിതെളിച്ചു. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായാണ് വോണ്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് ബില്ലിംഗ്‌സിന്റെ യഥാര്‍ത്ഥ അക്കൗണ്ടാണോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല.

'പൂര്‍ണ ഫോമിലുള്ള വിരാട് കോലിയെ ബാറ്റ് ചെയ്യുന്നത് കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റെന്തെങ്കിലും ഉണ്ടോ?' എന്നായിരുന്നു ബില്ലിംഗ്‌സ് ചോദിച്ചത്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കോലി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തെ ഉദ്ദേശിച്ചായിരുന്നു ഈ ചോദ്യം. ഇതിന് മറുപടിയായി, 'അതെ, ജോ റൂട്ട്' എന്ന് ഒരു കണ്ണ് ചിമ്മുന്ന ഇമോജിയോടു കൂടി വോണ്‍ കുറിച്ചു. വോണിന്റെ ഈ കുസൃതി നിറഞ്ഞ മറുപടി ആരാധകര്‍ക്കിടയില്‍ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി. ചിലര്‍ വോണിനെ വിമര്‍ശിച്ചപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടിന്റെ ബാറ്റിംഗ് കാണാനാണ് കൂടുതല്‍ ഭംഗിയെന്ന് മറ്റുചിലര്‍ വാദിച്ചു.

റണ്‍വേട്ട തുടര്‍ന്ന് ചേസ് മാസ്റ്റര്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 206 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയെ മുന്നില്‍ നിന്ന് നയിച്ചത് കോലിയായിരുന്നു. 44 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത കോലി, ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡ് ആയാണ് പുറത്തായത്. അദ്ദേഹം പുറത്താകുമ്പോള്‍ ആര്‍സിബിക്ക് ജയിക്കാന്‍ 38 പന്തില്‍ 52 റണ്‍സ് മാത്രം മതിയായിരുന്നു. റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 7 ഇന്നിംഗ്‌സുകളില്‍ നിന്നായി 328 റണ്‍ാണ് ആര്‍സിബി ഓപ്പണര്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ്: 163.18.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന ഹോം മത്സരമായിരുന്നു ഇത്. മെയ് 10 മുതല്‍ റായ്പൂരിലാണ് ആര്‍സിബിയുടെ അടുത്ത ഹോം മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സുമായാണ് ആദ്യ പോരാട്ടം.

YouTube video player