ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളിയാവുക വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നതിലാകും.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. റിഷഭ് പന്ത് പരിക്കില്‍ നിന്ന് തിരികെയെത്തിയതോടെ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് കടുത്ത മത്സരമാണ്. പന്തിനൊപ്പം നിലവില്‍ ടീമിലെ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറല്‍, ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ തമ്മിലാകും മത്സരം. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കൈവിട്ട ടെസ്റ്റ് ലോക കിരീടമാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. അതിനാല്‍ തന്നെ താരങ്ങളുടെ തിരഞ്ഞെടുപ്പിലടക്കം വലിയ സൂഷ്മതയാണ് ടീം പുലര്‍ത്തുന്നത്.

ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളിയാവുക വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നതിലാകും. മൂന്നിലേറെ താരങ്ങളാണ് ടീമിന്റെ വിക്കറ്റ് കീപ്പറാകാന്‍ മത്സരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ പരിഗണന റിഷഭ് പന്തിന് തന്നെയാകും. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ താരം ട്വന്റി 20 ലോകകപ്പില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തിയിരുന്നു. ടെസ്റ്റിലെ മികച്ച റെക്കോര്‍ഡും പന്തിന് തുണയാണ്. പന്തിന്റെ വരവോടെ നിലവില്‍ ടീമിലെ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിന് ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം നഷ്ടമാകുമെന്നുറപ്പ്. 

കോലിയും രോഹിത്തുമല്ല, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വെല്ലുവിളിയാവുന്ന താരത്തെ വെളിപ്പെടുത്തി ലിയോണ്‍

നാല് മത്സരങ്ങളില്‍ നിന്ന് 63 റണ്‍സ് ശരാശരിയില്‍ പ്രകടനം നടത്തിയിട്ടുണ്ട് ജുറല്‍. ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് അനാവശ്യ സമ്മര്‍ദങ്ങള്‍ക്കില്ലെന്നാണ് ജുറലിന്റെ നിലപാട്. ഇവര്‍ രണ്ടുപേരുടേയും ഇടയിലേക്ക് അപ്രതീക്ഷിതമായി എത്തുകയാണ് യുവതാരം ഇഷന്‍ കിഷന്‍. ബുച്ചി ബാബു ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സെലക്ടര്‍മാരെ കിഷനിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം കെ എല്‍ രാഹുലും ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്.

ഒന്നാം വിക്കറ്റ് കീപ്പറായി എത്താന്‍ സാധ്യതയില്ലെങ്കിലും രണ്ടാം കീപ്പര്‍ ബാറ്ററായി രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീമിലേക്കുള്ള വാതിലായതിനാല്‍ താരങ്ങള്‍ തകര്‍ത്തുകളിക്കുമെന്നുറപ്പ്.