2013ലാണ് ഐപിഎല്ലില്‍ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിന് പകരം ക്രിക്കറ്റ് വിദഗ്ദര്‍  പോയന്‍റ് സമ്പ്രദായത്തിലൂടെ മൂല്യമേറിയ താരത്തെ കണ്ടെത്തുന്ന പതിവ് തുടങ്ങിയത്. 320.5 പോയന്‍റ് നേടിയാണ് സൂര്യകുമാര്‍  യാദവ് ഇത്തവണ ഐപിഎല്ലിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെടത്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യൻമാരായപ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദര്‍ശനയിരുന്നു. 15 മത്സരങ്ങളിൽ 759 റൺസടിച്ചാണ് സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്ലിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ റണ്‍വേട്ടയില്‍ രണ്ടാമനായ സൂര്യകുമാര്‍ യാദവായിരുന്നു. 

2013ലാണ് ഐപിഎല്ലില്‍ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിന് പകരം ക്രിക്കറ്റ് വിദഗ്ദര്‍ പോയന്‍റ് സമ്പ്രദായത്തിലൂടെ മൂല്യമേറിയ താരത്തെ കണ്ടെത്തുന്ന പതിവ് തുടങ്ങിയത്. 320.5 പോയന്‍റ് നേടിയാണ് സൂര്യകുമാര്‍ യാദവ് ഇത്തവണ ഐപിഎല്ലിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെടത്. 311 പോയന്‍റ് നേടിയ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മറ്റൊരു താരവും 300 പോയന്‍റ് നേടിയില്ല. 273 പോയന്‍റ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാളാണ് മൂന്നാമതായത്.

ഐപിഎല്‍ ചരിത്രത്തില്‍ കിരീടം നേടിയ ടീമിലെ ഒരേയൊരു താരം മാത്രമെ ടൂര്‍ണെമന്‍റിലെ മൂല്യമേറിയ താരമായിട്ടുള്ളു. അത് കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ സുനില്‍ നരെയ്ൻ ആയിരുന്നു മോസ്റ്റ് വാല്യുബിള്‍ പ്ലേയറായത്. ഇത്തവണ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയിട്ടും സായ് സുദര്‍ശന്‍ എന്തുകൊണ് മൂല്യമേറിയ താരമായില്ല എന്ന ചോദ്യത്തിന് ഉത്തരം ഈ പോയന്‍റ് സമ്പ്രദായം തന്നെയാണ്. 

പോയന്‍റ് കണക്കാക്കുന്നത് എങ്ങനെ

ഐപിഎല്ലിലെ മൂല്യമേറിയ താരത്തെ കണ്ടെത്താനുള്ള പോയന്‍റ് സമ്പ്രദായം എങ്ങനെയാണെന്ന് നോക്കാം. ഐപിഎല്ലില്‍ നേടുന്ന ഓരോ സിക്സിനും വിക്കറ്റിനും 3.5 പോയന്‍റ് വീതമാണ് നല്‍കുക. ഫോറടിച്ചാലും ക്യാച്ചെടുത്താലും സ്റ്റംപിംഗ് ചെയ്താലും 2.5 പോയന്‍റ് ലഭിക്കും. ഡോട്ട് ബോളെറിഞ്ഞാലും റണ്ണൗട്ടാക്കിയാലും ഒരുപോയന്‍റ് വീതം ലഭിക്കും. ഈ സീസണില്‍ 717 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് 69 ഫോറും 38 സിക്സും അടിച്ചപ്പോള്‍ സായ് സുദര്‍ശന്‍ നേടിയത് 88 ഫോറും 21 സിക്സുകളുമായിരുന്നു. ഈ വ്യത്യാസമാണ് 9 പോയന്‍റ് വ്യത്യാസത്തില്‍ സായ് സുദര്‍ശനെ മറികടന്ന് സൂര്യകുമാറിനെ മൂല്യമേറിയ താരമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക