ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്

ബെംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരം നാളെ ബെംഗളൂരുവിൽ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയമാണ് അഫ്ഗാനിസ്ഥാന്‍റെ ലക്ഷ്യം. ഇൻഡോറിൽ പൂജ്യത്തിന് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശർമ്മയ്ക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരമാണിത്. അതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ സാധ്യത നിലനിര്‍ത്താന്‍ സഞ്ജുവിന് കളത്തിലെത്തി മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. 

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 172 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യിലും ഇന്ത്യന്‍ ജയം ആറ് വിക്കറ്റിനായിരുന്നു. ആദ്യ ട്വന്‍റി 20യില്‍ അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയും രണ്ടാമത്തേതില്‍ രണ്ട് വിക്കറ്റ് പ്രകടനവുമായി അക്സര്‍ പട്ടേലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍. 

Read more: സഞ്ജു സാംസണിന് നഷ്ടമായ അവസരം മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ലോട്ടറി; രാഹുലിന്‍റെ കാര്യം തീരുമാനമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം