വരുമാനം പങ്കിടുമ്പോള്‍ ബിസിസിഐക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്നതാണ് പാകിസ്ഥാന്‍റെ എതിർപ്പിന് കാരണം.

മുംബൈ: ഐസിസിയുടെ പുതിയ സാമ്പത്തിക ക്രമീകരണത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിയോജിപ്പ് പരസ്യമാക്കുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ പവറിന് പിന്നിലെ കാരണങ്ങള്‍ പുറത്ത്. വരുമാനം പങ്കിടുമ്പോള്‍ ബിസിസിഐക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്നതാണ് പാകിസ്ഥാന്‍റെ എതിർപ്പിന് കാരണം. എന്നാല്‍, ഐസിസി വരുമാനത്തിന്‍റെ 80 ശതമാനവും ഇന്ത്യൻ വിപണികളിൽ നിന്നാണെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് പുതിയ സാമ്പത്തിക ക്രമീകരണത്തിൽ വരുമാനത്തിന്‍റെ സിംഹഭാഗവും ബിസിസിഐയിലേക്ക് വരുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ (ഇംഗ്ലണ്ട് ഉൾപ്പെടെ) നിന്ന് സംപ്രേഷണവകാശം മൂല്യം ഏകദേശം 500-800 മില്യൺ ഡോളറായിരിക്കും. ഇത് ഏകദേശം 15-18 ശതമാനമാണ് വരുന്നത്. ബാക്കി ഐസിസിയുടെ 80 ശതമാനത്തിലധികം വരുമാനവും ഇന്ത്യൻ വിപണിയിൽ നിന്നാണ് വരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമന്‍റുകളുടെ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെയാണ് ഐസിസി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം വിറ്റുപോയത് 3.2 ബില്യണ്‍ ഡോളറിനായിരുന്നു. അഞ്ച് മേഖലകളെ വ്യത്യസ്തമായി തിരിച്ചാണ് ഇത്തവണ സംപ്രേഷണവകാശം വിറ്റത്. ഇതില്‍ ഡിസ്നി ഹോട് സ്റ്റാര്‍ അടുത്ത നാലു വര്‍ഷത്തേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത് 3 ബില്യണ്‍ ഡോളറിനാണ്.

എന്നാല്‍, കണക്കുകള്‍ വ്യക്തമായി മുന്നിലുള്ളപ്പോഴും നടപടിയിൽ സുതാര്യത വേണമെന്നാണ് പിസിബി ചെയർമാൻ നജാം സേതി ആവശ്യപ്പെട്ടിട്ടുള്ളത്. 2024 മുതൽ 2027 വരെയുള്ള കാലയളവിലെ 600 ദശലക്ഷം ഡോളർ വരുമാനത്തിൽ ബിസിസിഐക്ക് 38.5 ശതമാനം വിഹിതമാണ് കിട്ടുക. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിസിസിഐക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ആറില്‍ ഒന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കുക. ഐസിസി വരുമാനത്തിന്‍റെ 6.89 ശതമാനമായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറുക. 6.25 ശതമാനം ലഭിക്കുന്ന ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്.

മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളും കൂടി ഐസിസിയുടെ ആകെ വരുമാനത്തിന്‍റെ പകുതിയും സ്വന്തമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വരുമാനത്തിന്‍റെ 5.75 ശതമാനവും ന്യൂസിലന്‍ഡിന് 4.73 ശതമാനവും വെസ്റ്റ് ഇന്‍ഡീസിന് 4.58 ശതമാനവും ശ്രീലങ്കക്ക് 4.52 ശതമാനവും ബംഗ്ലാദേശിന് 4.46 ശതമാനവും ദക്ഷിണാഫ്രിക്കക്ക് 4.37 ശതമാനവുമാണ് ഐസിസില്‍ നിന്ന് ലഭിക്കുക.

സ്ഥിരം വഴിമുടക്കി! ആര്‍സിബിയെ പേടിപ്പിക്കുന്ന കണക്ക്; രാജസ്ഥാനും മുംബൈക്കുമെല്ലാം ചെറിയ ആശ്വസമല്ല നൽകുന്നത്

YouTube video player