രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് 289-5 എന്ന നിലയിലാണ്
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ടീം ഇന്ത്യ കളത്തിലെത്തിയത് കൈയില്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞ്. ദിവസങ്ങള്‍ മുമ്പ് മാത്രം അന്തരിച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു കൃഷ്ണറാവു ഗെയ്കവാദിനുള്ള അനുസ്മരണമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞത്.
ദത്താജിറാവു ഗെയ്കവാദ് 95-ാം വയസിലാണ് വിടവാങ്ങിയത്. മകനും ഇന്ത്യൻ മുൻ താരവുമായ അൻഷുമാൻ ഗെയ്കവാദിന്‍റെ വീട്ടിലായിരുന്നു അന്ത്യം. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ടെസ്റ്റ് താരം എന്ന പദവി ദത്താജിറാവു കൃഷ്ണറാവുവിന് സ്വന്തമായിരുന്നു. ഡി കെ എന്നറിയപ്പെട്ടിരുന്ന അദേഹം 1952 മുതല്‍ 1961 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അരങ്ങേറ്റം. വലങ്കയ്യന്‍ ബാറ്ററായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ച് 11 ടെസ്റ്റ് കളിച്ചപ്പോള്‍ 18.42 ശരാശരിയില്‍ 350 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടും. ബറോഡയെ ദത്താജിറാവു ഗെയ്കവാദ് ക്യാപ്റ്റനായുള്ള ആദ്യ സീസണായ 1957-58ല്‍ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചിരുന്നു. ബറോഡയ്ക്കായി 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 5788 റണ്‍സ് നേടിയിട്ടുണ്ട്.
രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് 289-5 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും (38*), വിക്കറ്റ് കീപ്പർ ബെന്‍ ഫോക്സുമാണ് (6*) ക്രീസില്‍. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 156 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റിന് 207 റൺസ് എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലെ ഇരട്ട പ്രഹരം നല്‍കാന്‍ ഇന്ത്യക്കായി. ജോ റൂട്ട് (31 പന്തില്‍ 18), ജോണി ബെയ്ർസ്റ്റോ (4 പന്തില്‍ 0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. റൂട്ടിനെ ജസ്പ്രീത് ബുമ്രയും ബെയ്ർസ്റ്റോയെ കുല്‍ദീപുമാണ് പറഞ്ഞയച്ചത്.
Read more: 'മനുഷ്യാ, ഇന്ന് ഇത്ര മതി'; രവീന്ദ്ര ജഡേജയെ ട്രോളി രോഹിത് ശർമ്മ- വീഡിയോ വൈറല്‍
