ചെപ്പോക്കില്‍ ഓസീസ് വച്ചുനീട്ടിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തവേ വിരാട് കോലിക്കൊപ്പം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ കെ എല്‍ രാഹുല്‍ സെഞ്ചുറി തികയ്ക്കുമെന്നാണ് ഏവരും കരുതിയിരുന്നത്

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് ജയമൊരുക്കിയത് പുറത്താവാതെ 97* റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ ബിഗ് മാച്ച് പ്ലെയര്‍ എന്ന് തെളിയിച്ച് മത്സരം സിക്‌സോടെ ഫിനിഷ് ചെയ്യുകയായിരുന്നു. എന്നാല്‍ സിക്‌സര്‍ ഫിനിഷിംഗിന്‍റെ ആവേശമൊന്നും രാഹുലിന്‍റെ മുഖത്തുണ്ടായിരുന്നില്ല. ചെറിയൊരു പദ്ധതി പാളിയതിലുള്ള അതിശയമായിരുന്നു രാഹുലിന്‍റെ മുഖത്ത് കണ്ടത്. 

ചെപ്പോക്കില്‍ ഓസീസ് വച്ചുനീട്ടിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തവേ വിരാട് കോലിക്കൊപ്പം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ കെ എല്‍ രാഹുല്‍ സെഞ്ചുറി തികയ്ക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. 42-ാം ഓവറില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പന്തെറിയാനെത്തുമ്പോള്‍ അഞ്ച് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന രാഹുലിന്‍റെ സ്കോര്‍ 91 ഉം. ആദ്യ പന്തില്‍ റണ്ണൊന്നും നേടാതിരുന്ന രാഹുല്‍ അടുത്ത ബോളില്‍ സിക്‌‌സര്‍ പറത്തിയതോടെ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. താരം 97 റണ്‍സുമായി പുറത്താവാതെ നിന്നു. സിക്‌സറിന് അല്ല, ആദ്യം ഫോര്‍ നേടിയതിന് ശേഷം പിന്നീട് സിക്‌സോടെ സെഞ്ചുറി തികയ്‌ക്കാനും മത്സരം ജയിപ്പിക്കാനുമായിരുന്നു രാഹുലിന്‍റെ പദ്ധതി. എന്നാല്‍ ഈ പ്ലാന്‍ നടക്കാതെ പോയതിന്‍റെ അതിശയമായിരുന്നു പിന്നീട് രാഹുലിന്‍റെ മുഖത്ത്. കമ്മിന്‍സിന്‍റെ പന്ത് അതിര്‍ത്തി കടന്നതും ബാറ്റുകളുയര്‍ത്തി ആഹ്‌ളാദിക്കുന്നതിന് പകരം ക്രീസില്‍ ബാറ്റ് കുത്തിയിരുന്ന് ചിരിക്കുകയാണ് രാഹുല്‍ ചെയ്‌തത്. 

ഇക്കാര്യം മത്സര ശേഷം രാഹുല്‍ തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്. 'എങ്ങനെ സെഞ്ചുറി തികയ്‌ക്കാം എന്നതിനെ കുറിച്ച് ഞാന്‍ മനസില്‍ കണക്കുകൂട്ടിയിരുന്നു. ഫോറും പിന്നാലെ സിക്‌സും നേടി സെഞ്ചുറി പൂര്‍ത്തിയാക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിന് പിന്നീട് സാധിക്കുമെന്ന് കരുതുന്നു. സെഞ്ചുറിയിലെത്താന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും' രാഹുല്‍ മത്സര ശേഷം സമ്മാനവേളയില്‍ പറഞ്ഞു. കെ എല്‍ രാഹുലിനൊപ്പം (97), വിരാട് കോലിയും (85*) അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഓസീസിന്‍റെ 199 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. നാലാം വിക്കറ്റില്‍ വിരാട് കോലി- കെ എല്‍ രാഹുല്‍ സഖ്യം 165 റണ്‍സ് ചേര്‍ത്തു. നേരത്തെ ബൗളിംഗില്‍ രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവും ജസ്‌പ്രീത് ബുമ്രയും രണ്ട് വീതവും മുഹമ്മദ് സിറാജും ഹാര്‍ദിക് പാണ്ഡ്യയും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും നേടി. 

Scroll to load tweet…

Read more: വിമര്‍ശകര്‍ മാളത്തില്‍ ഒളിച്ചു! ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി കെ എല്‍ രാഹുല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം