13 കളികളില്‍ 627 റൺസുമായി ലക്നൗ താരം മിച്ചല്‍ മാര്‍ഷാണ് നാലാം സ്ഥാനത്ത്. എന്നാല്‍ ലക്നൗ അവസാന ലീഗ് മത്സരം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി മിച്ചല്‍ മാര്‍ഷിന് മുന്നേറാന്‍ അവസരമില്ല.
ലക്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടച്ചൂട് പ്ലേ ഓഫിലെത്തുമ്പോള്‍ ഇനി ഓറഞ്ച് ക്യാപ് തലയിലയണിയാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 14 കളികളില്‍ 679 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 649 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സഥാനത്തുമുണ്ട്. 640 റണ്‍സുമായി മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവാണ് മൂന്നാമത്. ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മറ്റന്നാള്‍ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുമ്പോള്‍ ഇവര്‍ മൂന്നുപേരും നേര്‍ക്കുനേര്‍വരും.
തോല്‍ക്കുന്ന ടീം പുറത്താവുമെന്നതിനാല്‍ ഇവരില്‍ മൂന്ന് പേരില്‍ ഒരാളോ രണ്ടുപേരോ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ നിന്ന് മറ്റന്നാള്‍ പുറത്താവാന്‍ സാധ്യതയുണ്ട്. 13 കളികളില്‍ 627 റൺസുമായി ലക്നൗ താരം മിച്ചല്‍ മാര്‍ഷാണ് നാലാം സ്ഥാനത്ത്. എന്നാല്‍ ലക്നൗ അവസാന ലീഗ് മത്സരം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി മിച്ചല്‍ മാര്‍ഷിന് മുന്നേറാന്‍ അവസരമില്ല.
13 കളികളില്‍ 602 റണ്‍സ് നേടിയ വിരാട് കോലിയാണ് അഞ്ചാമത്. നാളെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ നേരിടുമ്പോള്‍ കോലിക്ക് റണ്‍വേട്ടയില്‍ ഒന്നാമത് എത്താന്‍ അവസരമുണ്ട്. നാളെ പരാജയപ്പെട്ടാലും രണ്ടാം ക്വാളിഫയറിലും കളിക്കാമെന്നതിനാല്‍ കോലിക്കാണ് മുന്നിലെത്താന്‍ കൂടുതല്‍ സാധ്യതകളുള്ളത്.
559 റണ്‍സുമായി ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാളിനും 539 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കെ എല്‍ രാഹുലിനും ഇനി മുന്നേറാനാവില്ല. 538 റണ്‍സുമായി എട്ടാമതുള്ള ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ എലിമിനേറ്ററില്‍ കളിക്കില്ലെന്നതിനാല്‍ റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ ഇനി അവസരമുണ്ടാകില്ല. 524 റണ്‍സുമായി ഒമ്പതാം സ്ഥാനത്തുള്ള നിക്കോളാസ് പുരാനും ഇനി മുന്നേറാന്‍ അവസരമില്ല. 514 റണ്‍സുമായി പത്താം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്ക് റൺവേട്ടയില്‍ മുന്നേറാന്‍ അവസരമുണ്ട്. 499 റണ്‍സുമായി പതിനൊന്നാം സ്ഥാനത്തുള്ള പ്രഭ്‌സിമ്രാന്‍ സിംഗ്, 424 റണ്‍സുമായി പതിനഞ്ചാം സ്ഥാനത്തുള്ള പ്രിയാന്‍ഷ് ആര്യ എന്നിവര്‍ക്കാണ് ഇനി റണ്‍വേട്ടയില്‍ മുന്നില്‍ കയറാന്‍ അവസരമുള്ള താരങ്ങള്‍.


