മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപദേശക സമിതി പരിശീലകനാവാന്‍ ആദ്യം സമീപിച്ചത് അന്ന് അണ്ടര്‍ 19 ടീം പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനെയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ദ്രാവിഡ് അന്ന് പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയാറായില്ല.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകച്ചുമതല ദ്രാവിഡ് ഏറ്റെടുക്കാതിരിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ബിസിസിഐ ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. സ്പോര്‍ട്സ് കീഡയുമായി നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ദ്രാവിഡ് പരിശീലകച്ചുമതല ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണം റായ് വ്യക്തമാക്കിയത്.അനില്‍ കുംബ്ലെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ദ്രാവിഡിനെ ആയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം പറഞ്ഞത്, വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ടെന്നും ഇന്ത്യന്‍ ടീമിനൊപ്പമായിരുന്ന കാലത്ത് അവരോടൊത്ത് അധികം സമയം ചെലവഴിക്കാനോ അവരെ ശ്രദ്ധിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള സമയം അവര്‍ക്കായി കൂടുതല്‍ സമയം നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നത് എന്നുമായിരുന്നു. അതുപോലെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനെന്ന നിലയില്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

തീര്‍ച്ചയായും കുംബ്ലെ ഒഴിഞ്ഞപ്പോള്‍ ദ്രാവിഡിന് തന്നെയായിരുന്നു ഞങ്ങളുടെ ആദ്യ പരിഗണന. മികവ് കണക്കിലെടുത്താല്‍ ദ്രാവിഡും ശാസ്ത്രിയും കുംബ്ലെയും തന്നെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് എത്താന്‍ യോഗ്യരായവര്‍. ഇന്ത്യന്‍ പരിശീലക സ്ഥാനം നിരസിച്ചെങ്കിലും തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ബാംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനാവാന്‍ ദ്രാവിഡ‍് സമ്മതിച്ചുവെന്നും റായ് വ്യക്തമാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ഇപ്പോള്‍ ദ്രാവിഡ്.