- Home
- Sports
- Cricket
- 'ചില്ലറ കളിയല്ല', ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മുടങ്ങിയാല്‍ നഷ്ടമാകുക 4500 കോടി, പാകിസ്ഥാനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
'ചില്ലറ കളിയല്ല', ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മുടങ്ങിയാല്‍ നഷ്ടമാകുക 4500 കോടി, പാകിസ്ഥാനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഏകദേശം 4500 കോടി രൂപയുടെ ബിസിനസ്സാണ്. ഈ മത്സരം റദ്ദാക്കിയാൽ ബ്രോഡ്കാസ്റ്റർമാർക്കും ഐസിസിക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും.

ചില്ലറ കളിയല്ല
ലോകകപ്പുകളിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം എന്നത് വെറുമൊരു കളിയല്ല. പരമ്പരാഗത വൈരികളുടെ പോരാട്ടമെന്നതിലുപരി ആഗോള ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഓരോ ഇന്ത്യ-പാകിസഥാന്‍ ക്രിക്കറ്റ് മത്സരവും കോടികളുടെ കളികൂടിയാണ്. പത്തോ നൂറോ കോടിയൊന്നുമല്ല, ഇത്തവണ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്നാല്‍ ഉണ്ടാകുന്ന ബിസിനസ് ഏകദേശം 500 ദശലക്ഷം ഡോളറിന്‍റേതാണെന്നാണ്(4500 കോടി ഇന്ത്യൻ രൂപ)യുടേതാണെന്ന എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ-പാക് പോരാട്ടത്തിന് എന്തുകൊണ്ട് വന്‍ ഡിമാന്‍ഡ്
ലോകകപ്പിലെ മറ്റ് മത്സരങ്ങളേക്കാൾ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവും നൽകുന്നത്. ബ്രോഡ്കാസ്റ്റ് അവകാശങ്ങൾ, പരസ്യങ്ങൾ, പ്രീമിയര്‍ സ്പോൺസർഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമാനുസൃത വാതുവെപ്പ് എന്നിവയെല്ലാം ചേർത്താണ് 4500 കോടിയുടെ മൂല്യം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമില്ലാത്തൊരു ലോകകപ്പ് ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുമെല്ലാം ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.
സെക്കൻഡിന് ലക്ഷങ്ങള്‍
ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കിടയിലെ 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ ഈടാക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരസമയത്ത് ജിയോ സ്റ്റാറിലൂടെ മാത്രം 22 കോടി ആളുകളാണ് മത്സരംലൈവ് സ്ട്രീമിംഗില്‍ തത്സമം കാണാറുള്ളത്.
300 കോടിയുടെ പരസ്യ നഷ്ടം
ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയാൽ പരസ്യ വരുമാനത്തിൽ മാത്രം 250-300 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.ഈ സമയം നടക്കുന്ന നമീബിയ-യുഎസ്എ മത്സരത്തില്‍ നിന്ന് ജിയോ സ്റ്റാറിന് കാര്യമായ വരുമാനം ഉണ്ടാക്കാനാവില്ല. സെമിയിലോ, ഫൈനലിലോ വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ മത്സരമുണ്ടാകുകയും ഇതും പാകിസ്ഥാന്‍ ബഹിഷ്കരിക്കുകയും ചെയ്താല്‍ നഷ്ടം ഇനിയും ഉയരും.
പണി കിട്ടുക ആര്‍ക്കൊക്കെ
ടി20 ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷപണ അവകാശം എടുത്ത ജിയോ സ്റ്റാറിനാണ് പരസ്യവരുമാനത്തിലെ നഷ്ടം വന്‍ തിരിച്ചടിയാകുക.ലോകകപ്പിലെ ഓരോ മത്സരവും 138.7 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണെങ്കില്‍ ഇത് 300 കോടിയായി ഉയരും. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയാല്‍ ഐസിസി ജിയോ സ്റ്റാറിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് സൂചന. മത്സരക്രമം അനുസരിച്ച് മത്സരങ്ങള്‍ നടത്തുക എന്നത് ഐസിയുടെ ഉത്തരവാദിത്തമാണ്.
ചെറു ടീമുകളെയും ബാധിക്കും
ഐസിസിയുടെ വരുമാനം കുറയുമ്പോൾ അത് മറ്റ് ചെറിയ ക്രിക്കറ്റ് രാജ്യങ്ങളെയും ബാധിക്കും. ഐസിസി നൽകുന്ന ഫണ്ടിലാണ് പല രാജ്യങ്ങളിലെയും ക്രിക്കറ്റ് തന്നെ നിലനിൽക്കുന്നത്.
ഐസിസിക്ക് മാത്രമല്ല ബിസിസിഐക്കും പിസിബിക്കും തിരിച്ചടി
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോര്‍ഡ്(ബിസിസിഐ), പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(പിസിബി) എന്നിവര്‍ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഐസിസിയുമായി ശ്രീലങ്കയില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാമെന്ന് പാകിസ്ഥാന്‍ പാര്‍ട്ടിസിപ്പേഷന്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാല്‍ പാകിസഥാന് നല്‍കുന്ന ഐസിസി വരുമാനത്തിന്‍റെ 5.75% (ഏകദേശം 34.51 മില്യൺ ഡോളർ) ഐസിസിക്ക് തടഞ്ഞുവെക്കാം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ഉപേക്ഷിക്കുന്നതിനാൽ ഇതിന് ഇൻഷുറൻസ് പരിരക്ഷയോ നിയമപരമായ സംരക്ഷണമോ പാകിസ്ഥാന് ലഭിക്കില്ല.
പാകിസ്ഥാനെ കാത്തിരിക്കുന്നത്
കരാർ ലംഘിച്ചതിന് ഐസിസിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പിഴയും വിലക്ക് അടക്കമുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും. ഭാവിയിൽ പാകിസ്ഥാന്‍റെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റര്‍മാര്‍ മടിക്കും. ഇത് പാക് ക്രിക്കറ്റിന്‍റെ വരുമാനത്തെ വർഷങ്ങളോളം ബാധിക്കും.
ആരാധക പ്രതിഷേധം
ഹോട്ടലുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്ത ആയിരക്കണക്കിന് ആരാധകരുടെ പണവും അധ്വാനവും പാഴാകുന്നത് കടുത്ത അമർഷത്തിന് കാരണമാകും.പാക് ക്രിക്കറ്റിന്‍റെ മരണമണി
പാക് ക്രിക്കറ്റിന്‍റെ മരണമണി
ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റിന് സ്വന്തം കാലിൽ കോടാലിവെക്കുന്നതിന് തുല്യമാണ്. ലോകകപ്പ് പോയിന്റ് ടേബിളിനേക്കാൾ പാകിസ്ഥാനെ വേട്ടയാടാൻ പോകുന്നത് അവർക്ക് സംഭവിക്കുന്ന ഈ സാമ്പത്തിക ആഘാതമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

