അഹമ്മദാബാദ് പിച്ചില്‍ വന്‍ ട്വിസ്റ്റ്; ബാറ്റിംഗ് വിട്ട് മറ്റൊന്നില്‍ പരിശീലനം കേന്ദ്രീകരിച്ച് രോഹിത് ശര്‍മ്മ!
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് ഫൈനലിനുള്ള പിച്ചില്‍ ചില സര്‍പ്രൈസുകളുണ്ട് എന്ന സൂചന പുറത്തുവന്നതാണ് രോഹിത് ശര്‍മ്മയുടെ സ്ലിപ് ഫീല്‍ഡിംഗ് പരിശീലനത്തിന് പിന്നില്‍

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിനായുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ടീം ഇന്ത്യയാണ് സ്വന്തം മണ്ണിലെ ഫൈനലില്‍ ഫേവറൈറ്റുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ 10 ഓവറില്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ടീം ഇന്ത്യയുടെ ബാറ്റിംഗ് സ്കോര്‍ തീരുമാനിക്കുക. 10 കളികളില്‍ നിന്ന് 550 റണ്‍സ് നേടിയിട്ടുള്ള ഹിറ്റ്‌മാന് തന്‍റെ ബാറ്റിംഗിനെ കുറിച്ച് ഒരു സംശയവുമില്ല. അതിനാല്‍ തന്നെ അവസാനവട്ട പരിശീലനത്തില്‍ സ്ലിപ് ക്യാച്ചിംഗിലാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് ഫൈനലിനുള്ള പിച്ചില്‍ ചില സര്‍പ്രൈസുകളുണ്ട് എന്ന സൂചന പുറത്തുവന്നതാണ് രോഹിത് ശര്‍മ്മയുടെ സ്ലിപ് ഫീല്‍ഡിംഗ് പരിശീലനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ഫൈനലിനായി അഹമ്മദാബാദില്‍ കുറവ് ബൗണ്‍സുള്ള സ്ലോ പിച്ചാണ് തയ്യാറാക്കുന്നത് എന്ന സൂചന സ്ഥിരീകരിക്കുന്നതാണ് രോഹിത്തിന്‍റെ സ്ലിപ് പരിശീലനം. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും സഹ പരിശീലകരുമായും രോഹിത് പരിശീലനത്തിനിടെ ഏറെ നേരം സംസാരിക്കുന്നത് കാണാമായിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡിലെ ആറ് താരങ്ങള്‍ മാത്രമേ ഇന്ന് പരിശീലനത്തിന് ഇറങ്ങിയുള്ളൂ. രോഹിത്തിന് പുറമെ രവിചന്ദ്രന്‍ അശ്വിനും പ്രസിദ്ധ് കൃഷ്‌ണയും രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ഓപ്ഷനല്‍ പരിശീലന സെഷനില്‍ പങ്കെടുത്തത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഞായറാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. 2003ലെ കലാശപ്പോരിലേറ്റ തിരിച്ചടിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലിനുള്ള ഒഫീഷ്യല്‍സിനെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് കെറ്റിൽബറോയും റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തുമാണ് ഫീല്‍ഡ് അംപയര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബാബ്‌വെയുടെ ആന്‍ഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും. സ്ലോ പിച്ചാണ് ഫൈനലിനായി തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെവി റോളര്‍ ഉപയോഗിച്ചാണ് പിച്ച് തയ്യാറാക്കുന്നത്. ബിസിസിഐ ചീഫ് ഓഫ് ഗ്രൗണ്ട് സ്റ്റാഫ് ആശിഷ് ഭൗമികിന്‍റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന പിച്ച് ഐസിസി പിച്ച് കണ്‍സല്‍ട്ടന്‍റ് ആന്‍ഡി അറ്റ്‌കിന്‍സണ്‍ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നത് വിവാദമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം