മുംബൈ: ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പണംവാരുന്ന കായികതാരങ്ങളില്‍ ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ കോലിയെ ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ല. ലോകകപ്പിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇത് തള്ളിയിരുന്നു. ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണും ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ന് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് രോഹിത് കോലിയെയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയെയും ലോകകപ്പിനുശേഷം ഒഴിവാക്കുകയായിരുന്നുവെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല നിലവിലുള്ളത് എന്നതിന്റെ തെളിവാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു കോടി 20 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയെ ഫോളോ ചെയ്യുന്നത്. ഇതില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമുണ്ട്.

എന്നാല്‍ രോഹിത് തിരിച്ച് പിന്തുടരുന്നതാകട്ടെ ഇന്ത്യന്‍ ടീം അംഗങ്ങളുള്‍പ്പെടെ 95 പേരെയാണ്. മുംബൈ ഇന്ത്യന്‍സ് താരമായ മയാങ്ക് മാര്‍കണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ശിഖര്‍ ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിംഗ്, ശ്രേയസ് അയ്യര്‍, യുവരാജ് സിംഗ്, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍ എന്നിവരാണ് രോഹിത് പിന്തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഇവര്‍ക്ക് പുറമെ കെയ്ന്‍ വില്യംസണ്‍, മിച്ചല്‍ ജോണ്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ടിം സൗത്തി, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങിയ വിദേശ ക്രിക്കറ്റര്‍മാരെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസ്സി, നെയ്മര്‍, സ്റ്റീവന്‍ ജെറാര്‍ഡ് എന്നീ ഫുട്ബോള്‍ താരങ്ങളെയും ഹിറ്റ്മാന്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ക്കിടയിലൊന്നും ക്യാപ്റ്റന്‍ വിരാട് കോലിയുടെയോ അനുഷ്ക ശര്‍മയുടെയോ പേരില്ലെന്നതും ശ്രദ്ധേയമാണ്.